ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺ യൂസ്ഡ് ഡ്രഗ്സ് ) പദ്ധതിക്ക് ഉള്ളിയേരി പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് കോഴിക്കോട് കോർപ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ആണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം കോഴിക്കോട് കോർപറേഷനിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു. ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി ചേർന്നാണ് പദ്ധതി. സമഗ്രമായ പൈലറ്റ് സ്റ്റഡിക്ക് ശേഷം കേരളത്തിൽ മുഴുവൻ പദ്ധതി വ്യാപിപ്പിക്കും.
ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിക്കുന്നതും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടാണ് സർക്കാർ എൻപ്രൗഡ് പദ്ധതിക്ക് രൂപം നൽകിയത്.
വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നതിൽ ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിൽ പ്രത്യേക ശേഖരണ സംവിധാനവും ഒരുക്കും.
വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന മരുന്നുകൾ മാലിന്യങ്ങൾക്കൊപ്പം സംസ്കരിക്കപ്പെടുകയാണ് സാധാരണ ചെയ്യാറുള്ളത്. മണ്ണിലും ജലാശയങ്ങളിലും ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിപ്പെടുന്നത് മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അത്യന്തം അപകടകരമാണ്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ആൻ്റി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗ ശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാനുള്ള എൻപ്രൗഡ് പദ്ധതി സംസ്ഥാന സർക്കാരിൻ്റെ 18 മാസ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക പൂമഠത്തിൽ, ബീന ടീച്ചർ, ഗീത വടക്കെടത്ത് മീത്തൽ, സെക്രട്ടറി സുനിൽ ഡേവിഡ്, ഹെൽത്ത് ഇൻസ്പെക്ടർ പി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.