ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ഏപ്രിൽ രണ്ടിന് (ഇന്ന്) രാവിലെ 9 .45 നും 10 .45 നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ തിരുഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 11 നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.
പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് തിരക്ക് കുറവുള്ള സമയങ്ങളിൽ കൊടിമരത്തിന്റെ ഇടതു വശത്തുകൂടി നേരിട്ടും ഭക്തജന തിരക്ക് കൂടുതൽ ഉള്ളപ്പോൾ ഫ്ലൈ ഓവർ വഴിയുമാകും ദർശന സംവിധാനം. കഴിഞ്ഞ മാസ പൂജ സമയത്താണ് ഫ്ലൈ ഓവർ വഴിയല്ലാതെ നേരിട്ടുള്ള പുതിയ ദർശന രീതിയുടെ ട്രയൽ റൺ നടന്നിരുന്നു. ഇതിലെ പോരായ്‌മകളും പ്രായോഗിക വശങ്ങളും മനസ്സിലാക്കിയാണ് ദേവസ്വം ബോർഡ് അധികൃതരും പൊലീസും ദർശന രീതി ക്രമീകരിച്ചിട്ടുള്ളത്.