കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമാവുന്നു. മേഖലയിൽ മുമ്പ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
കക്കയത്ത് നിന്നും പതിനാല് കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണശാല നടത്തുന്നതിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗ ശല്യവും, കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയ്യറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നു.
ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇ ടെൻഡർ വെച്ചിട്ടുണ്ടെന്ന് ഹൈഡൽ ടൂറിസം സൈറ്റ് ഇൻ ചാർജ് സി.എം.ലെനീഷ് പറഞ്ഞു. മേഖലയിൽ നിലവിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ മിൽമയുടെ പുതിയ കൗണ്ടർ സൗകര്യങ്ങളോട് കൂടി മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഏപ്രിൽ മാസം മുതൽ തന്നെ ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതുപോലെ ഡാം സൈറ്റ് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്തിനാവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഇല്ലാതെ സഞ്ചാരികൾ വലയുന്ന സാഹചര്യത്തിനും പരിഹാരമായി. ഡാം സൈറ്റിലെ പോലീസ്, കെഎസ്ഇബി ക്യാമ്പ് ഓഫീസിന് പുറകിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 100 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പാർക്കിങ് ഇന്റർലോക്ക്, ഗാർഡൻ, കൈവരികൾ, ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങി വിവിധ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. സർവീസിന് വേണ്ടി ഒരു മാസത്തോളമായി നിർത്തിയിട്ട ബോട്ടുകൾ ഏപ്രിൽ മാസം മുതൽ ഓടിതുടങ്ങുമെന്നും, വിനോദസഞ്ചാരികൾക്ക് ആവശ്യമായ മികച്ച സൗകര്യങ്ങൾ സെന്ററിൽ ഏർപ്പെടുത്തുമെന്നും ടൂറിസം അധികൃതർ അറിയിച്ചു.
2015ലാണ് ഹൈഡൽ ടൂറിസം കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ മാനേജ്മെന്റിന് കീഴിൽ ടൂറിസം കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങളാണ് നടന്ന് വരുന്നത്.