കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂര്‍ ചിറയില്‍ ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 2) വൈകുന്നേരം നാല് മണിക്ക് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് അധ്യക്ഷത വഹിക്കും.
കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിക്കും നെല്‍കൃഷിക്കും ദോഷം ചെയ്യാത്ത രീതിയില്‍ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ചെരണ്ടത്തൂര്‍ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകള്‍ കയര്‍ ഭൂവ വസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുക, നടുതോട്ടിലൂടെ യാത്രക്കായി പെഡല്‍ ബോട്ടുകള്‍, അലങ്കാരവിളക്കുകള്‍, സെല്‍ഫി പോയിന്റ്, ഏറുമാടം, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ഹട്ടുകള്‍ എന്നിവയാണ് ഒരുക്കുക.
പദ്ധതിക്കായി ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം, എം എല്‍ എ ഫണ്ടില്‍ നിന്നും 25 ലക്ഷം, പഞ്ചായത്ത് വിഹിതമായ 25 ലക്ഷം ഉള്‍പ്പടെ ഒരു കോടി രൂപക്കാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് കരാര്‍.