വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിച്ചു.
ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.
പരസ്യം സ്ഥാപിച്ചവർ മാറ്റാത്ത പക്ഷം കെ.എസ്.ഇ.ബി ഇവ മാറ്റുകയും ഇതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.