സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാര്‍ത്ഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022 മുതൽ മയക്കുമരുന്ന് കടത്തിയതിനു 134 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. മയക്കുമരുന്ന് കടത്തുകാർ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്തവരെ കെണിയിൽ പെടുത്തുന്നത്.
സ്കൂൾ കുട്ടികൾക്കിടയിൽ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഏറ്റവും വലിയ ആശങ്ക. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന എൻഡിപിഎസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് സൂചിപ്പിക്കുന്നത് മയക്കുമരുന്ന് വിൽപ്പനക്കാർ ഇപ്പോൾ സ്കൂൾ വിദ്യാര്‍ത്ഥികളെ മനഃപൂർവം ലക്ഷ്യമിടുന്നു എന്നാണ്. നിർഭാഗ്യവശാൽ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയുന്നതു പോലുമില്ലെന്നു ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് കൊറിയർമാരായി ഉപയോഗിച്ച കേസുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, പശ്ചിമ ബംഗാൾ ട്രെയിനുകൾ വഴി മയക്കുമരുന്നും കഞ്ചാവും കടത്തുന്ന വ്യക്തികൾ പിടിക്കപ്പെടുന്നതിനാൽ കടത്തുകാർ സ്ത്രീകളെയും കുട്ടികളെയും കാരിയർമാരായി ഉപയോഗിക്കുന്നു. ഓരോ യാത്രയിലും കഞ്ചാവ് കടത്തിയാൽ 5,000 രൂപ വരെ സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നു.
2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വര്‍ധന ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. 2021ൽ 23 എൻഡിപിഎസ് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. 2022ൽ ഇത് 40 ആയി ഉയർന്നു. 2023 ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ 39 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 55 ആയി. ഈ വർഷമാകട്ടെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ പ്രായപൂർത്തിയാകാത്തവർക്കെതിരെ 36 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ 86 പ്രായപൂർത്തിയാകാത്തവരെ ശിക്ഷിച്ചു.