നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയമനം കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ചതിനെ തുടർന്ന് പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു. ഐഎഫ്എസിൽ ചേരുന്നതിന് മുമ്പ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.
ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന നിധി തിവാരിക്ക് പുതിയ പദവിയിൽ ലെവൽ 12 അടിസ്ഥാനമുള്ള വേതനം ലഭിക്കും. 2013 ലെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി, 2014-ൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിക്ക് അടുത്തുള്ള മഹമൂർഗഞ്ചാണ് നിധി തിവാരിയുടെ സ്വദേശം.
