ഉള്ളൂർക്കടവിനും തോരായിക്കടവിനും പിന്നാലെ നടേരിക്കടവിലും പാലം വരുന്നു. ടെണ്ടർ നടപടികളായി കൊയിലാണ്ടി പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന് ടെണ്ടർ നടപടികളായി. 21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴക്ക് കുറുകേ നടേരിക്കടവ് പാലം നിർമ്മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് ആണ് നടേരിക്കടവ് പാലം നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. 212.5 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക. നടേരി വിയ്യൂർ ഭാഗത്ത് പാലത്തിൻ്റെ സമീപ റോഡ് നിർമ്മാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ നാട്ടിയിട്ട് വർഷങ്ങളായി. നടേരിക്കടവിൽ പാലം വന്നാൽ നടുവത്തൂർ വഴി വരുന്ന വാഹനങ്ങൾക്ക് കൊയിലാണ്ടി നഗരത്തിൽ വേഗമെത്താൻ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവർക്ക് കൊല്ലം വിയ്യൂർ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.
നടേരിക്കടവ് പാലത്തിന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഭരണാനുമതി നൽകിയിരുന്നു. കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂർ വിയ്യൂർ റോഡുമായും കീഴരിയൂർ ഗ്രാമപഞ്ചായത്തുമായാണ് നടേരിക്കടവ് പാലം ബന്ധിപ്പിക്കുക. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പാലത്തിൻ്റെ സെൻട്രൽ സ്പാനിന് 50 മീറ്റർ നീളമുണ്ടാകും. പാലത്തിൻ്റെ കൊയിലാണ്ടി വശം സമീപ റോഡ് 450 മീറ്ററും കീഴരിയൂർ ഭാഗം 20.3 മീറ്റർ ഉണ്ടാകും. ഏഴ് സ്പാനുകളായിരിക്കും ആകെ ഉണ്ടാകുക. ടെണ്ടർ നടപടികൾ പൂർത്തിയായാൽ പാലം നിർമ്മാണം ആരംഭിക്കും.
ഇതൊടൊപ്പം പെരുവട്ടൂർ നടേരിക്കടവ് വിയ്യൂർ റോഡും വികസിപ്പിക്കണം. ഇതിന് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് തുക അനുവദിച്ചിട്ടുണ്ട്. മൂടാടി തുറയൂർ പഞ്ചായത്തുകളെ അകലാപ്പുഴയിലും പാലം നിർമ്മാണത്തിന് നടപടികളായിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാത്തതിനാൽ ടെണ്ടർ നടപടികളിലേക്ക് കടന്നിട്ടില്ല. നടേരിക്കടവ് പാലം നിർമ്മാണത്തിന് പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണനും കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാവ് ഉമ്മർ മാഷും ഈ പാലത്തിൻ്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിരന്തരമായി ഇടപെട്ടിട്ടുണ്ട്.