എം ഡി എം എയുമായി പിടിയിലായ മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ വീടും സ്ഥലവും സ്കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ് കണ്ടുകെട്ടി. ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ, ലഹരി മാഫിയക്കെതിരായ ശക്തമായ സന്ദേശമാണ് കേരള പൊലീസ് നൽകുന്നത്.
ഫെബ്രുവരി 16നാണ് 750 ഗ്രാം എം ഡി എം എയുമായി സിറാജ് പിടിയിലായത്. ഈ കേസിലാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ സ്വത്ത് കണ്ടുകെട്ടൽ നടപടി. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ജിതേഷ് നൽകിയ റിപ്പോർട്ട് അനുസരിച്ച് ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്‌സ് & ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടിയത്. വീടുൾപ്പെടെയുള്ള 4.5 സെന്റ് സ്ഥലവും സ്കൂട്ടറും കണ്ടുകെട്ടി. പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലെ 15,085 രൂപയും മാതാവിന്റെ അക്കൗണ്ടിലെ 33,935 രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും വസ്ത്ര വ്യാപാരത്തിൻ്റെ മറവിലാണ് സിറാജ് കേരളത്തിലേക്ക് എം ഡി എം എ കടത്തിയത്. 2020-ൽ ഹിമാചൽപ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ എൽ എസ് ഡി, എം ഡി എം എ, മയക്കുഗുളികകൾ തുടങ്ങിയവയുമായി അറസ്റ്റിലായ പ്രതി 10 മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളുടെ പേരിൽ എടുത്ത ലോൺ, സിറാജ് ചുരുങ്ങിയ കാലയളവിൽ അടച്ചിരുന്നു. ഇത് ലഹരി വിൽപന വഴി ലഭിച്ച പണമാണ് എന്നാണ് പൊലീസ് കണ്ടെത്തൽ.