തലോക്കൽ കൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം മാർച്ച് 31- ഏപ്രിൽ 3 വരെ. 2025 മാർച്ച് 31 ഏപ്രിൽ 1, 2, 3 തീയ്യതികളിലായി ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മ്മനാഭൻ ഉണ്ണിനമ്പൂതിരിയുടെ മുൻ കാർമ്മികത്വത്തിൽ നടത്തുന്ന പൂജകളോടും വൈവിധ്യമാർന്ന കലാപരിപാടികളോടും പ്രതിഷ്ഠാദിന മഹോത്സവം കൊണ്ടാടാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ശ്രീ.പത്മനാഭൻ .കെ (ചെയർമാൻ), ശ്രീ.രമേശൻ ടി. കെ (വൈസ് ചെയർമാൻ) ശ്രീ സതീന്ദ്രൻ വി. ടി (കൺവീനർ) ശ്രീ.രാജഗോപാലൻ (ജോ. കൺവീനർ) ശ്രീ. ബാബു എൻ. കെ (Sഷറർ) എന്നിവർ ഭാരവാഹികളാണ്.
നൂറ്റാണ്ടുകൾക്കപ്പുറം പ്രശോഭിച്ചു നിന്ന തലോക്കൽ കൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം അവകാശികളാൽ നശിപ്പിക്കപ്പെടുകയും ഭൂമിപോലും കൈമാറ്റം ചെയ്യപ്പെട്ട അവസ്ഥയുണ്ടായി. ഭക്തജനങ്ങൾ കൂടി ചേർന്ന് സ്വർണ്ണപ്രശ്നം നടത്തുകയും ഭഗവദ് ചൈതന്യം കുടികൊള്ളുന്ന ഭൂമിയിൽ മഹാവിഷ്ണു ക്ഷേത്രം പടുത്തുയർത്തി പ്രദേശനിവാസികൾക്ക് ഐശ്വര്യ വർദ്ധനവിന് അത്യന്താപേക്ഷിതമാണെന്ന് കാണുകയാൽ 20 സെൻ്റ് സ്ഥലം വിലക്ക് വാങ്ങി ശ്രീകോവിൽ, നമസ്കാരമണ്ഡപം എന്നിവ കരിങ്കല്ലിൽ കൊത്തുപണികളോടെ പണിത് ഷഡാധാര പ്രതിഷ്ഠയിൽ പഞ്ചലോഹ വിഗ്രഹം 2022 ഏപ്രിൽ 3 ന് പ്രതിഷ്ഠ ചെയ്തു. പഴയ മണിക്കിണർ കരിങ്കല്ലിൽ പുതുക്കുകയും താൽക്കാലിക തിടപ്പള്ളി, സ്റ്റോറൂം, ഓഫീസ് സമുച്ചയം, കുടിവെള്ളത്തിന് പൊതുകിണർ എന്നിവ പണിതു. ക്ഷേത്രത്തിൽ നിത്യ പൂജ നടത്തി പോരുകയും വിശേഷാൽ ആഘോഷങ്ങൾ പ്രതിമാസ അന്നദാനം എന്നിവ മുടക്കം കൂടാതെ നടന്നു വരുന്നു. 2023 ലും 2024ലും പ്രതിഷ്ഠാദിന മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ 25 സെന്റ് സ്ഥലം കൂടി വിലക്ക് വാങ്ങി ശുചിമുറി സമുച്ചയം, താൽക്കാലിക പാചകശാല എന്നിവയും പണിതുകഴിഞ്ഞു. ചുറ്റമ്പല നിർമ്മാണം ഉപദൈവങ്ങളുടെ പ്രതിഷ്ഠ ക്ഷേത്രത്തോട് ചേർന്ന് കൂടുതൽ ഭൂമി വാങ്ങി സൗകര്യ പ്രദമായ ഓഡിറ്റോറിയ നിർമ്മാണം എന്നിവക്കായി രണ്ട് കോടി രൂപയുടെ പദ്ധതിയുമായി ക്ഷേത്ര കമ്മിറ്റി മുന്നോട്ടു പോകുകയാണ്. ഭക്തജനങ്ങളുടെ നിർലോഭമായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.