ബാങ്കോക്കിലെ ഭയാനകമായ ഭൂകമ്പം കണ്‍മുന്നില്‍ക്കണ്ട നടുക്കത്തിലാണ് കോഴിക്കോട്ടുകാർ. കോഴിക്കോട് ഗണപത് ഗേള്‍സ് സ്‌കൂളിലെ മുന്‍ അധ്യാപിക കെ.കെ ഷജ്നയും സുഹൃത്തായ നടക്കാവ് സ്‌കൂളിലെ അധ്യാപിക എ. ശുഭ, മകന്‍ ഡോ. അര്‍ജുന്‍ സുരേഷ്, മകള്‍ സങ്കീര്‍ത്തന സുരേഷ് എന്നിവരാണ് ഭൂകമ്പബാധിത പ്രദേശത്ത് അകപ്പെട്ട് പോയത്.
ഭൂകമ്പത്തില്‍പ്പെട്ടപ്പോള്‍ ഇവിടെ ഷുവര്‍സ്റ്റേ എന്ന ഹോട്ടലിലായിരുന്നു തങ്ങള്‍ ഉണ്ടായിരുന്നതെന്ന് ഷജ്ന പറഞ്ഞു. തലകറക്കം പോലെയും ഇരുന്ന സോഫാസെറ്റ് ആരോ വലിച്ച് നീക്കുന്നതുപോലെയുമാണ് ആദ്യം തോന്നിയത്. ഭൂകമ്പമാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. ഉടന്‍ എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടടുത്ത ഹോട്ടല്‍ക്കെട്ടിടത്തിന് മുകളില്‍ നിന്ന് വാട്ടര്‍ടാങ്കിലെ വെള്ളംചീറ്റി പുറത്തേക്ക് ശക്തിയായി ഒഴുകുന്നതും വാഹനങ്ങള്‍ റോഡില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാതെ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നതുമാണ് കണ്ടത്. ഓടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത അവസ്ഥ. സ്വിമ്മിങ് പൂളിലും മറ്റും ഉണ്ടായിരുന്നവര്‍ക്ക് ഹോട്ടലുകാര്‍ തോര്‍ത്തും വസ്ത്രങ്ങളും മറ്റും നല്‍കുന്നുണ്ടായിരുന്നു. മെട്രോയില്‍ ക്യൂ നിന്നെങ്കിലും നീങ്ങുന്നില്ലെന്ന് കണ്ട് എല്ലാവരും വാഹനത്തിനുള്ളില്‍ തന്നെ ഇരുന്നു. എട്ട് മണിക്കൂറോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കടകളെല്ലാം അടഞ്ഞുകിടന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഭക്ഷണത്തിനുള്ള കടകളാണ് ആദ്യം തുറന്നത്. ആശുപത്രിയിലുള്ളവര്‍ പോലും റോഡില്‍ ഇറങ്ങിയെന്ന് ഷജ്ന പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിലവില്‍ സുരക്ഷിതരാണ് തങ്ങളെന്നും അവര്‍ അറിയിച്ചു.
അതേസമയം മ്യാന്‍മറിനെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ മരണ സംഖ്യ 1000 കടന്നു. 2000ത്തിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികള്‍ നിറഞ്ഞതായും രക്തത്തിന് ആവശ്യക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിന് സഹായത്തിനായി യുഎന്‍ അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മ്യാന്‍മറിനെ മാത്രമല്ല അയല്‍ രാജ്യമായ തായ്ലന്‍ഡിനെയും ഭൂകമ്പം കാര്യമായി ബാധിച്ചു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് കുറഞ്ഞത് ആറ് പേര്‍ മരിച്ചു.
മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിന് ശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.