കമ്മ്യൂണിസ്റ്റുകാരുള്ള സ്ഥലങ്ങളിലെല്ലാം എം.എസ്.പി.ക്കാര്‍ ക്യാമ്പ് ചെയ്യുമോ? ചരിത്രത്താളുകളിലൂടെ – എം.സി വസിഷ്ഠ്

കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്‌സിലെ മദ്രാസ് ഗവണ്മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് ഫയല്‍ (ബണ്ടില്‍ നമ്പര്‍ 8എ., സീരിയല്‍ നമ്പര്‍ 6). വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് മൊകേരി. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുറ്റ്യാടി-നാദാപുരം റൂട്ടിലാണ് മൊകേരി എന്ന ഗ്രാമം. 1947 മാര്‍ച്ച് 18 ന് മൊകേരിയില്‍ വെച്ച് കമ്മ്യൂണിസ്റ്റുകാര്‍ ആക്രമിച്ചപ്പോള്‍ പോലീസുകാര്‍ വെടിവെച്ചു എന്നാണ് സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ ഔദ്യോഗിക ഭാഷ്യം. (അവലംബം: മദ്രാസിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, 1947 നവംബര്‍ 3ന് മദ്രാസ് ഗവണ്‍മെന്റിന്റെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിക്കയച്ച ഔദ്യോഗിക കത്ത്) മൊകേരിയിലെ വെടിവെപ്പ് കഴിഞ്ഞ് ഏതാണ്ട് ഏഴു മാസങ്ങള്‍ക്കു ശേഷം അതായത് 1947 ഒക്ടോബര്‍ 6ന് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ഈ വിഷയം അംഗങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളും അതിന് അധികാരികള്‍ നല്‍കുന്ന ഉത്തരങ്ങളിലൂടെയുമാണ് ഈ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ മൊകേരിയിലെ കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെപ്പിനെക്കുറിച്ചുള്ള കുറേ ചോദ്യങ്ങളുയര്‍ന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചത് എം.എല്‍.എ. കെ.ആനന്ദ് നമ്പ്യാര്‍ ആണ്. (ചോദ്യം നമ്പര്‍ 780).
1946 മുതല്‍ 1951 വരെ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായിരുന്നു സി.പി.ഐ. അംഗമായിരുന്ന ആനന്ദ് നമ്പ്യാര്‍. 1951 മുതല്‍ 57 വരെ മയിലാടുംതുറൈയെയും 1962 മുതല്‍ 1971 വരെ തൃച്ചിറാപ്പള്ളിയെയും പ്രതിനിധീകരിച്ച ലോക്‌സഭാ അംഗമായിരുന്നു ആനന്ദ് നമ്പ്യാര്‍.
ഇനി പറയുന്നവയായിരുന്നു ആനന്ദ് നമ്പ്യാരുടെ ചോദ്യങ്ങള്‍. അതിന് ഉത്തരം  നല്‍കിയതാവട്ടെ ആഭ്യന്തര മന്ത്രി ഡോ.പി. സുബ്ബരായനും.
ചോദ്യം 1: 1947 മാര്‍ച്ച് 18ന് മൊകേരിയില്‍ കര്‍ഷകര്‍ക്കു നേരെ വെടിവെപ്പുണ്ടായിട്ടുണ്ടോ?
ഉത്തരം: ഉണ്ടായിരുന്നു.
ചോദ്യം 2: വെടിവെപ്പ് നടന്ന ദിവസം ആ പ്രദേശത്ത് യോഗം ചേരുന്നതിന് നിരോധനമുണ്ടായിരുന്നുവോ?
ഉത്തരം: ഇല്ല.
ചോദ്യം 3: രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണെങ്കില്‍ എന്തിനാണ് നാദാപുരം എസ്.ഐ. യോഗസ്ഥലത്തേക്ക് കോണ്‍സ്റ്റബിളുമായി ചെന്നതും സമാധാനപൂര്‍വ്വമായ ജനക്കൂട്ടത്തിനെതിരെ വെടിവെപ്പ് നടത്തിയതും.
ഉത്തരം: പോലീസ് കോണ്‍സ്റ്റബിള്‍ അവിടെ ചെന്നത് സി.സി. നമ്പര്‍ 39 (1947 ല്‍ ഉള്‍പ്പെട്ട പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാരെ) അറസ്റ്റ് ചെയ്യാനാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം സബ് ഇന്‍സ്‌പെക്ടറെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ലാത്തി ഉപയോഗിച്ച് ആക്രമിച്ചു. ചെറിയ ലാത്തിച്ചാര്‍ജ്ജിലൂടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ എസ്.ഐ. ശ്രമിച്ചു. എന്നാല്‍ ജീവന് ഭീഷണിയുണ്ടായപ്പോള്‍ ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിവെക്കുകയാണുണ്ടായത്.
ചോദ്യം 4: വെടിവെപ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു?
ഉത്തരം: ഒരാള്‍ക്ക്.
ചോദ്യം 5: ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.
ചോദ്യം 6: സംഭവസ്ഥലത്ത് മലബാര്‍ സ്‌പെഷ്യന്‍ പോലീസ് അഥവാ എം.എസ്.പി. ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ടോ?
ഉത്തരം: അതേ.
ചോദ്യം 7: ഗവണ്‍മെന്റിന് സംഭവം നടന്ന പ്രദേശത്തെ ജനങ്ങളില്‍ നിന്ന് എം.എസ്.പി. യുടെയും നാദാപുരം എസ്.ഐ.യുടെയും ക്രൂരതകളെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ?
ഉത്തരം: ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ചോദ്യം 8: സംഭവത്തിന് ഉത്തരവാദിയായ  നാദാപുരത്തെ എസ്.ഐ. അതേ പോലീസ് സ്റ്റേഷനില്‍ സര്‍വ്വീസില്‍ തുടരുന്നുണ്ടോ?
ഉത്തരം: അതേ.
ചോദ്യം 9: പോലീസിനെതിരെ ഉണ്ടായി എന്നു പറയപ്പെടുന്ന ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് പോലീസുകാര്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ?
ഉത്തരം: അത് തീരുമാനിക്കേണ്ടത് പോലീസുകാരാണ്. അവര്‍ക്ക് ഭീഷണി ഉണ്ടാവുമെന്നൊരു പ്രതീതിയുണ്ടായിരുന്നു.
അടുത്തത് നെല്ലൂരിലെ മാര്‍ക്‌സിസ്റ്റ് നേതാവായ വി. രാഘവയ്യയുടെ ചോദ്യമായിരുന്നു. ലഘുവായ ലാത്തിച്ചാര്‍ജ്ജിന് പകരം ഭാവിയില്‍ ടിയര്‍ ഗ്യാസ് മാത്രം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഉത്തരം: ഈ വിഷയം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ലാത്തിച്ചാര്‍ജ്ജ് അത്യാവശ്യമായി വരും.
അടുത്ത ചോദ്യം ആനന്ദ് നമ്പ്യാരുടേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുള്ള സ്ഥലത്തൊക്കെ എം.എസ്.പി. ക്യാമ്പ് ചെയ്യുമോ?
ഉത്തരം: അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആശ്രയിച്ചിരിക്കും.
അടുത്ത ചോദ്യം ആര്‍.വി.വിശ്വനാഥിന്റേതാണ്. ഒരു പ്രദേശത്തെ ജനങ്ങളുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ പറ്റാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഉത്തരം: പോലീസുകാര്‍ക്ക് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കാര്യങ്ങള്‍ വ്യക്തമായി അറിയാം. പോലീസിന്റെ പ്രധാന ചുമതല പൊതു സംരക്ഷണവും ജനങ്ങളെ സംരക്ഷിക്കലുമാണ്.
1930 കള്‍ക്ക് ശേഷം സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ തൊഴിലാളി മുന്നേറ്റമാണുണ്ടായത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നു.  നമ്മുടെ ഗ്രാമീണ മേഖലകളിലെ ജനങ്ങളെ അവരുടെ ചൂഷണത്തിനെതിരെ ജന്മികള്‍ക്കും ജന്മികള്‍ക്ക് പിന്തുണ നല്‍കുന്ന ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും സംഘടിപ്പിക്കുന്നതില്‍ കര്‍ഷക സംഘങ്ങളും പ്രസ്ഥാനങ്ങളും വലിയ പങ്കാണ് വഹിച്ചത്. മലബാറിന്റെ ഉള്‍പ്രദേശമായ മൊകേരിയില്‍ നടന്ന ഈ സംഭവം 1940 കളിലെ ഗ്രാമപ്രദേശങ്ങളിലെ ബഹുജന മുന്നേറ്റത്തെയാണ് വ്യക്തമായി അടയാളപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

മ്യാന്‍മറിൽ റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രതയുള്ള ഭൂചലനം

Next Story

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേർ ഉദ്ഘാടനം ചെയ്തു

Latest from Main News

ശബരിമല നട നാളെ തുറക്കും

ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്.

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 31.03.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 31.03.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ്

കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിചച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ

എം ഡി എം എയുമായി പിടിയിലായ മലപ്പുറം സ്വദേശിയുടെ സ്വത്ത് ടൗൺ പൊലീസ് കണ്ടുകെട്ടി

എം ഡി എം എയുമായി പിടിയിലായ മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ  വീടും സ്ഥലവും സ്കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ്