നാം എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കരുത്. നമ്മൾ ചെന്ന് പതിച്ച പതനത്തിൻ്റെ ഒടുവിലത്തെ ആത്മരോദനമാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സമീപകാലത്ത് നരബലി നടന്ന ചെകുത്താൻ്റെ നാടായി നാം മാറി. തൊലി കറുത്തവരുടെ മോചനത്തിനായി പോരാട്ടം നടത്തിയ മഹാത്മാവ് പഴഞ്ചനെന്ന് പറയുന്ന ഇക്കാലത്ത് ഇതും ഇതിലപ്പുറവും നടക്കും.
ജാതിയും മതവും നിറവും ഇന്നും പൊള്ളുന്ന സത്യമായി നമ്മെ വേട്ടയാടുന്നു. ശാരദാ മുരളീധരൻ്റെ പോസ്റ്റും ഇന്ന് അവർ പ്രമുഖ ചാനലുകൾക്ക് നല്കിയ അഭിമുഖവും മനസ്സ് മരവിച്ചിട്ടില്ലാത്ത ആരെയും അസ്വസ്ഥമാക്കുന്നതാണ്. കേരളം ഭ്രാന്താലയമെന്ന് ഭയരഹിതനായി ഉറക്കെ പറഞ്ഞ വിവേകാനന്ദ സ്വാമികളെ ഓർക്കുക. കറുത്തവരുടെ അന്യഥാ ബോധം, ദൈന്യം, ആത്മസംഘർഷം ശാരദ മുരളീധരൻ നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
നാം കറുത്തവരും വെളുത്തവരുമാണ്. നാം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമാണ്. ഈ ഇരുട്ടിൽ നിന്ന് നാം എന്ന് പുറത്ത് കടക്കും…..