കൊടുവള്ളി: 74,0018048 കോടി രൂപ വരവും, 68,83 24100 രൂപ ചെലവും, 7,0293948 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കൊടുവള്ളി നഗരസഭയുടെ 2025-26 വാർഷിക ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി.നൂർജഹാൻ അവതരിപ്പിച്ചു.
നഗരസഭയിൽ മതിയായ മാലിന്യ സംസ്കരണമില്ലാത്ത എല്ലാ വീടുകളിലും ഈ വർഷത്തോടെ ഗാർഹിക മാലിന്യ സംസ്കരണ യൂണിറ്റ് നടപ്പിലാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു വെക്കുന്നതിനും, സംസ്കരിക്കുന്നതിനും മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉറവിട മാലിന്യ യൂണിറ്റ് വീടുകളിൽ സംസ്കരിക്കുന്നതിന് 67 ലക്ഷം രൂപ വകയിരുത്തി. പൂനൂർപ്പുഴയും, ചെറുപുഴയും വൃത്തിയായി സൗന്ദര്യ വത്കരിക്കുന്നതിനും, പുഴ മാലിന്യ മുക്തമാക്കുന്നതിനും, മൺതിട്ടകൾ നീക്കം ചെയ്ത് ശുചീകരിക്കുന്നതിന് 25 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി 18 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിനും, നിർമാണത്തിനുമായി ആറ് കോടി 20ലക്ഷം രൂപയും, 60 വയസ്സ് കഴിഞ്ഞിട്ടുള്ള വയോജനങ്ങൾക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ഹോർലിക്സ്, ബൂസ്റ്റ്,റാഗി തുടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതകൾക്കായുള്ള മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന് ആറ് ലക്ഷം രൂപയും, ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പിന് 55 ലക്ഷം രൂപയും, കേൾവി ശേഷിയില്ലാത്തവർക്കു വേണ്ടി കോക്ലിയർ ഇംപ്ലാൻ്റേഷന് നാല് ലക്ഷം രൂപയും, ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര വാഹനം വാങ്ങുന്നതിനായി 10 ലക്ഷം രൂപയും , സെറിബൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായ രോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയും , തെരുവ് വിളക്കുകൾ നന്നാക്കുന്നതിന് 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
അമൃത് കുടിവെള്ള പദ്ധതിക്ക് നഗരസഭ വിഹിതമായ 70 ലക്ഷം രൂപ കൈമാറും. നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായി 1.75 കോടി രൂപയും, നഗരസഭയിലെ അപകട സാധ്യത ഏറെയുള്ള മുഴുവൻ റോഡുകൾക്കും നെയിം ബോർഡുകളും, മിററുകളും സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി. സ്കൂളുകൾ സ്മാർട്ടാക്കുന്നതിൻ്റെ ഭാഗമായി ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യുന്ന സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിക്ക് 20 ലക്ഷം രൂപയും , സ്കൂളുകൾക്ക് ഫർണിച്ചർ വാങ്ങുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തി. കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സയൻസ് ലാബ് നിർമിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. അടുത്ത വർഷത്തോടു കൂടി നഗരസഭയിലെ മുഴുവൻ അങ്കണവാടികളും ക്രാഡിൽ അങ്കണവാടികളായി ഉയർത്തുന്നതിന് 10 ലക്ഷം രൂപയും, വിദ്യാർഥികൾക്കിടയിലും,യുവജനങ്ങൾക്കിടയിലും അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന എംഡിഎംഎ അടക്കമുള്ള രാസ ലഹരികളുടെയും, മയക്കുമരുന്നുകളുടെയും ഉപയോഗം തടയുന്നതിനുവേണ്ടി എല്ലാ സ്കൂളുകളും,കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കൗമാര പ്രായക്കാർക്കിടയിൽ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസിലിങ് നടത്തുന്നതിനും, വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്ക് പ്രീമാരേജ് കൗൺസിലിങ് നടത്തുന്നതിനുവേണ്ടി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. നഗരസഭയിലെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് 26 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനായി. ബജറ്റ് ചർച്ചയിൽ എ.പി.മജീദ് , വായോളി മുഹമ്മദ് , വി.സിയ്യാലി ഹാജി, കെ.ശിവദാസൻ, കെ.എം.സുഷിനി, സി.പി.നാസർകോയ തങ്ങൾ, എൻ.കെ.അനിൽകുമാർ, ടി.മൊയ്തീൻകോയ, കെ.സുരേന്ദ്രൻ, ഇ.ബാലൻ, കെ.സി.സോജിത്ത്, കെ.ജമീല, ഹഫ്സത്ത് ബഷീർ, ഷരിഫാ കണ്ണാടിപ്പൊയിൽ, ഹസീന ഇളങ്ങോട്ടിൽ എന്നിവർ പങ്കെടുത്തു.
കൊടുവള്ളി നഗരസഭ ബജറ്റ്: കഴിഞ്ഞ ബജറ്റുകളുടെ ആവർത്തനം – എൽഡിഎഫ്
കൊടുവള്ളി: യുവജനങ്ങളെയും വയോജനങ്ങളെയും സാംസ്‌കാരിക രംഗത്തെയും പൂര്‍ണമായും തഴഞ്ഞ, ദീര്‍ഘവീക്ഷണമില്ലാത്ത ബജറ്റാണ് കൊടുവള്ളി നഗരസഭയുടെ ബജറ്റെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ അതേപടി പകര്‍ത്തിയെഴുതുക എന്നത് മാത്രമാണ് ബജറ്റ് അവതരിപ്പിച്ച വൈസ് ചെയര്‍പേഴ്‌സണ് ചെയ്യാനുണ്ടായിരുന്നത്. സംസ്ഥാന പദ്ധതികള്‍ നഗരസഭയുടെ പദ്ധതികളായി അവതരിപ്പിക്കുന്നതില്‍ കവിഞ്ഞ് നാല് വര്‍ഷത്തിനിടയില്‍ എടുത്തുപറയത്തക്ക ഒരു പദ്ധതി പോലും യാഥാര്‍ഥ്യമാക്കാന്‍ ഭരണ നേതൃത്വത്തിനായിട്ടില്ല.
നിലവിലെ ഭരണസമിതിയുടെ അവസാന ബജറ്റായിട്ടുപോലും പതിവ് പോലെ കായിക രംഗത്തിന് ഒരു രൂപ പോലും ബജറ്റില്‍ മാറ്റിവെച്ചിട്ടില്ല. ക്ഷീരകര്‍ഷകരടക്കമുള്ള കൊടുവള്ളിക്കാരുടെ ഏറെകാലത്തെ ആവശ്യമായ മൃഗാശുപത്രിക്ക് സ്ഥലം വാങ്ങല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ആവര്‍ത്തിച്ചു. കൃഷി ഓഫീസിന് സ്ഥലം വാങ്ങാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നെങ്കിലും ഇത്തവണ അത് കൃഷി ഓഫീസിന് വാടക നല്‍കുന്നതിലേക്ക് മാറ്റി. കുടിവെള്ള പദ്ധതി പ്രവർത്തനം ഇഴഞ്ഞ് നീങ്ങുകയാണ്.
വയോജനങ്ങള്‍ക്ക് ഹാപ്പിനസ് പാര്‍ക്ക്, പൂനൂര്‍പ്പുഴയിലും ചെറുപുഴയിലും വിനോദ ബോട്ടിങ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ബജറ്റിലേത് പകര്‍ത്തിയിട്ടുണ്ട്. ഓപ്പണ്‍ എയര്‍ സ്റ്റേജ് പൊളിച്ചുമാറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പകരം സംവിധാനമേര്‍പ്പെടുത്തുന്നത് സംബന്ധിച്ചത് ബജറ്റില്‍ പരാമര്‍ശമില്ല. വായനശാലകള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും തുക വകയിരുത്തിയില്ല. നഗരസഭയില്‍ വസ്തുനികുതി അടക്കുന്നതിന് കീറാമുട്ടിയായി നിലനില്‍ക്കുന്ന ഡാറ്റാ പ്യൂരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും പദ്ധതികളില്ല.
2024-25 വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ കഴിയാത്തതാണ് കഴിഞ്ഞ തവണത്തെ ബജറ്റ് പകര്‍ത്തിവെച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇത് യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ പരാജയമാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ്, കെ.ജമീല, സി.പി. നാസര്‍കോയ തങ്ങള്‍, കെ.സുരേന്ദ്രന്‍, ഇ.ബാലന്‍, കെ.സി.സോജിത്ത്, ടി.കെ. ഷംസുദ്ദീന്‍, കെ.പി.അഹമ്മദ് ഉനൈസ്, ആയിഷ അബ്ദുള്ള എന്നിവര്‍ പറഞ്ഞു.