നടുവേദന
നടുവേദനയ്ക്കു കാരണങ്ങൾ പലതാണ്. കശേരുക്കളുടെ സ്ഥാനഭ്രംശം, വീഴ്ചയിലും മറ്റുമുണ്ടാകുന്ന ക്ഷതങ്ങൾ, നട്ടെല്ലിന്റെ കശേരുക്കൾക്ക് തകരാറുണ്ടാക്കുന്ന കഠിനജോലികൾ, കൂടുതൽ നേരം ഇരുന്നുള്ള ജോലി, ദീർഘനേരം ഇരുന്നുള്ള യാത്ര, ശരീരത്തിന്റെ അമിതഭാരം എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണമാവാറുണ്ട്. ബൈക്ക് യാത്ര അധികമായാൽ നടുവേദനയ്ക്കൊപ്പം ചിലരിൽ കഴുത്തുവേദനയുമുണ്ടാകും. അമിതയാത്ര മൂലം നട്ടെല്ലിലുണ്ടാക്കുന്ന ക്ഷതമാണതിനു കാരണം. കൂടുതൽ സമയം നിന്നു ജോലി ചെയ്യുന്ന സ്ത്രീകളുടെ നടുവേദന കാലുകളിലേക്ക് വ്യാപിച്ച് തരിപ്പും കാൽകടച്ചിലുമായി മാറും. അസ്ഥിക്ഷയം (അസ്ഥിചുരുങ്ങൽ) മൂലവും വാതരോഗംമൂലവും ഉണ്ടാകുന്ന നടുവേദനകൾക്ക് പ്രത്യേക ചികിത്സ തന്നെയുണ്ട്.
കിഴിചികിത്സയിലൂടെ പഴകിയ നടുവേദന മാറ്റിയെടുക്കാം. കശേരുക്കളുടെ സ്ഥാനഭ്രംശത്തിന് കശേരുക്കൾ സ്ഥാനത്താക്കി മരുന്നു വെച്ച് കെട്ടി ചികിത്സിക്കണം. നീരിറക്കംകൊണ്ടുള്ള സ്ഥിരം നടുവേദന അനുഭവപ്പെടുന്നവരുമുണ്ട്. നടുവേദനയ്ക്ക് വേദനാസംഹാരിയായി നരിവാതം ഇറക്ക് തൈലം ഉപയോഗിക്കാം. ധാന്യസ്വേദചികിത്സയും ഫലപ്രദമാണ്. വിരേചന ഔഷധ ചികിത്സയിലൂടെ നീരിറക്കംകൊണ്ടുള്ള നടുവേദന മാറ്റിയെടുക്കാം. പൊതുവായുള്ള നടുവേദനയ്ക്ക് നോവുണ്ണിതൈലമാവാം. പെരുങ്കുരുമ്പവള്ളിയാണ് നോവുണ്ണിതൈലത്തിലെ പ്രധാന ചേരുവ.
യോഗചികിത്സയിലൂടെയും നടുവേദന പൂർണ്ണമായി ഭേദമാക്കാം. വേദനാസംഹാരികൾ കഴിച്ച് വേദനയില്ലാത്ത അവസ്ഥയിൽ കഴിയുന്നതു നന്നല്ല. രോഗശമനത്തിനുള്ള പ്രതിവിധികൾ ചെയ്തു വേണം വേദന ശമിപ്പിക്കാൻ.