ധനകാര്യ, ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെയുള്ള ഒമ്പത് ബില്ലുകൾ പാസാക്കി 15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു. 2024ലെ കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025 ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു. ജനുവരി 17നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മൂന്നു ഘട്ടങ്ങളിലായി 22 ദിവസം സഭ ചേർന്നു.
