ചേളന്നൂർ : ലഹരിയുടെയും കൂട്ട അടിയുടെയും പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്ന ദിവസം ജാഗ്രതയുമായി പോലീസ് ഡിപ്പാർട്ടുമെൻ്റും വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കളും സ്കൂൾ അധികൃതരും ചങ്കിടിപ്പോടെയാണ് നിന്നത്. എന്നാലിതാ ഇവിടെ, ചേളന്നൂർ എ.കെ.കെ.ആർ ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾ വേറെ ലവലിലാണ് കാര്യങ്ങൾ നീക്കിയത്.
പുസ്തകങ്ങൾ കീറിയെറിഞ്ഞും പൊതുമുതൽ നശിപ്പിച്ചും കൂട്ടത്തല്ലിനും ഇട നൽകാതെ സ്കൂളിൽ പൂന്തോട്ടമൊരുക്കിയും, ചുമരുകൾക്ക് ചായം പൂശിയും അതിലുപരി ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഉശിരൻ പ്രതിജ്ഞയുമായാണ് പഠിച്ച സ്കൂളിൽ നിന്ന് കുട്ടികൾ പുറത്തിറങ്ങിയത്.
പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നിർദ്ദേശപ്രകാരം ക്രമസമാധാനപാലനത്തിനെത്തിയ കാക്കൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷ് കുമാർ, ചേളന്നൂർ എക്സൈസ് വകുപ്പിലെ ലഹരി വിരുദ്ധ സ്ക്വാഡ് പ്രവർത്തനത്തിന് എത്തിയ എക്സൈസ് ഇൻസ്പെക്ടർ ഷിജു. എ.ടിയും സംഘവും രക്ഷിതാക്കളും കുട്ടികളുടെ മാതൃകാപ്രവർത്തനത്തെ അഭിനന്ദിച്ചു. പ്രധാനാധ്യാപിക പി.ഡി ദീപ, എൻ.പി ഷിജു, രജീഷ് ആർ. ചന്ദ്രൻ, എം.പ്രമോദ്, അതുൽ കെ. പി, വി.വി ഗോകുൽ പ്രസാദ്, ശ്യാം മനോഹർ, കെ.പി ശ്രീരേഖ, റജില എ.ബി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.