ചേളന്നൂർ : കാക്കൂർ – അമ്പലത്ത് കുളങ്ങര പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ അഞ്ചര കോടിയോളം രൂപ ചെലവഴിച്ച് നടത്തുന്ന റോഡു നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരക്കെ ആക്ഷേപം. ചേളന്നൂർ പഞ്ചായത്തിൽ പുതിയിടത്ത് താഴം ചിറക്കുഴി പോഴിക്കാവ് റോഡ് ജനങ്ങൾക്ക് ദുരിതമാക്കിയതു തുടരുന്നതിനിടെയാണ് ചേളന്നൂരിൽ തന്നെ പ്രധാനമന്ത്രി സഡക്ക് യോജന നിർമ്മാണം നടക്കുന്ന അമ്പലത്ത്കുളങ്ങര ചീപ്പാച്ചിക്കുഴി റീച്ചിൽ ഏറ്റവും വലിയ അപാകതകൾ സംബന്ധിച്ച് പരാതി ഉയരുന്നത്. ഡ്രെയിനേജ് സംവിധാനത്തിന്റെ അപാകതകളെ കുറിച്ച് നാട്ടുകാർ ഓവർസിയറോടും അസിസ്റ്റന്റ് എഞ്ചിനീയറോടും നിർമ്മാണത്തിന്റെ തുടക്കത്തിലേ പരാതിപ്പെട്ടിരുന്നു. എന്നാൽ എസ്റ്റിമേറ്റിൽ അതൊന്നും പെടുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. രണ്ട് ചെറിയ മഴ പെയ്തപ്പോൾ തന്നെ ഒഴുകി വന്ന വെള്ളം ആദ്യഘട്ട പ്രവർത്തി കഴിഞ്ഞ റോഡിൽ പല ഭാഗത്തും ഗട്ടറുകൾ തന്നെ സൃഷ്ടിക്കുകയുണ്ടായി. ലോറിയിൽ മണ്ണിറക്കി കരാറുകാരൻ പൊടിക്കൈ നടത്തി താല്ക്കാലിക പരിഹാരം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകയാണ് ചെയ്തത്. മതിയായ ഡ്രെയിനേജ് സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ റോഡ് കുളമാകുമെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
റോഡ് നിർമ്മാണത്തിന് മുമ്പേ ഭൂപ്രദേശത്തെയും വെള്ളത്തിന്റെ ഒഴുക്കിനെയും മറ്റും കുറിച്ച് എഞ്ചിനിയർമാർ വ്യക്തമായ പഠനം നടത്തണമെന്നാണ് വ്യവസ്ഥ. ഇവിടെ നാട്ടുകാർ ചില വസ്തുതകൾ എഞ്ചിനീയറെ ബോധ്യപ്പെടുത്തിയപ്പോൾ എനിക്ക് നിങ്ങളുടെ മാത്രം പണി നടത്തിയാൽ പോര എന്ന മറുപടിയാണ് അസി: എഞ്ചിനിയർ നൽകിയത്. നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണമേന്മ തീരെയില്ലാത്ത വസ്തുക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൻ.ഐ.ടി നടത്തിയ പരീക്ഷണത്തിൽ അടിത്തറയ്ക്ക് ഒരുറപ്പുമില്ലെന്നാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനത്തിനായ് കമ്മിറ്റി ഉണ്ടാക്കി സ്ഥലവും വലിയ കെട്ടിടങ്ങൾ വരെയും പൊളിച്ച് സഹകരിച്ച നാട്ടുകാർ ഇനി അഴിമതിക്കെതിരെയും പൊരുതണമെന്ന നിരാശയിലാണ്. മാർച്ച് 31 ന് മുന്നെ പണി തീർത്ത് ബില്ല് മാറാനുള്ള ധൃതിയിലാണ് നിർമ്മാണ കമ്പിനിയും ഉദ്യോഗസ്ഥരും. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഗുണമേന്മ ഉള്ള റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ഇതു സംബന്ധിച്ച് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നാട്ടുകാർ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് റോഡ് നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച കെമിക്കലുകളും ചെളിയും തൊട്ടടുത്ത കിണറ്റിലേയ്ക്കൊലിച്ചിറങ്ങിയത് മൂലം പലരുടേയും കുടിവെള്ളം വരെ മുട്ടിയിരിക്കുകയാണ്.