കഴിഞ്ഞ കൊയിലാണ്ടി നഗരസഭ തിരഞ്ഞെടുപ്പില്‍ 50 വോട്ടിന്റെ വ്യത്യാസത്തിന് മാത്രം ജയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ 11 വാര്‍ഡുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകും. ഈ സീറ്റുകള്‍ പിടിച്ചെടുക്കാനും സംരക്ഷിക്കാനും എല്‍.ഡി.എഫും യു.ഡി.എഫും അണിയറ നീക്കങ്ങള്‍ തുടങ്ങി. കളത്തില്‍ കടവ്, പാവുവയല്‍, അറുവയല്‍, മുത്താമ്പി, കുറുവങ്ങാട്, ചാലില്‍ പറമ്പ് എന്നീ വാര്‍ഡുകളാണ് 50 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇതില്‍ തന്നെ വാര്‍ഡ് 18-ല്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത് കേവലം മൂന്ന് വോട്ടിന്റെ വ്യത്യാസത്തിലാണ്. പുളിയഞ്ചേരി ഈസ്റ്റ്, പന്തലായനി നോര്‍ത്ത്, കാവുംവട്ടം, മൂഴിക്ക് മീത്തല്‍, കൊയിലാണ്ടി ടൗണ്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ചുരുങ്ങിയ വോട്ടിനാണ് വിജയിച്ചത്. വാര്‍ഡ് 23 ലെ മൂഴിക്ക് മീത്തലില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത് വെറും രണ്ട് വോട്ടിന്റെ വ്യത്യാസത്തിലാണ്.
നിലവിലുളള സീറ്റു നില അനുസരിച്ച് എല്‍.ഡി.എഫിന് 25, യു.ഡി.എഫിന് 16, ബി.ജെ.പിയ്ക്ക് മൂന്ന് എന്നിങ്ങനെയാണ് അവസ്ഥ. മൊത്തം 44 വാര്‍ഡുകളാണ് കൊയിലാണ്ടി നഗരസഭയിലുണ്ടായിരുന്നത്. ഇത്തവണ അത് 46 ആയി ഉയരും. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി കൊയിലാണ്ടി നഗരസഭ ഭരണം എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. നഗരസഭ ഭരണം പിടിച്ചെടുക്കണമെന്ന് യുഡിഎഫിന് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടതും നഗരസഭാ ഭരണം പിടിച്ചെടുക്കണമെന്ന കാര്യമാണ്. നിസ്സാര വോട്ടിന് യു.ഡി.എഫ് വിജയിച്ച അഞ്ച് വാര്‍ഡുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം എട്ട് വാര്‍ഡുകള്‍ പിടിച്ചെടുക്കുക കൂടി ചെയ്താലെ യു.ഡി.എഫിന് ഭരണം കിട്ടുകയുള്ളൂ.
ഇതേ അവസ്ഥ എല്‍.ഡി.എഫിനുമുണ്ട്. കഴിഞ്ഞ തവണ 25 സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ജയിക്കാനായത്. ഭരിക്കാന്‍ വേണ്ട സീറ്റുകള്‍ക്കപ്പുറം മൂന്ന് സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് അധികമായി ലഭിച്ചത്. ആ സീറ്റുകള്‍ വിജയിച്ചത് തന്നെ നിസ്സാര വോട്ടുകള്‍ക്കുമാണ്. നിലിവിലുളള സീറ്റുകള്‍ സംരക്ഷിക്കുന്നതോടൊപ്പം പുതിയത് പിടിച്ചെടുക്കുക കൂടി ചെയ്താലെ ഇരു മുന്നണികള്‍ക്കും ഭരണം കിട്ടുകയുളളുവെന്നാണ് നിലവിലെ അവസ്ഥ.
കൊയിലാണ്ടി നഗരസഭയില്‍ മൂന്ന് സീറ്റുകള്‍ ബിജെപിയ്ക്കുണ്ട്. അവര്‍ ജയിച്ച ചെറിയമങ്ങാട്, വിരുന്നുകണ്ടി, സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകളില്‍ നല്ല ഭൂരിപക്ഷമാണ് അവര്‍ക്കുള്ളത്. മാത്രവുമല്ല കോമത്തുകരയില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഈ വര്‍ഷവസാനത്തോടെ പുതിയ ഭരണ സമിതികളാണ് നഗരസഭയിലും പഞ്ചായത്തുകളിലും അധികാരത്തില്‍ വരിക. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. വാര്‍ഡുകളുടെ എണ്ണം 46 ആയി ഉയരുമ്പോള്‍ ഭരണം കിട്ടാന്‍ 24 സീറ്റുകളെങ്കിലും വേണ്ടി വരും.