റംസാൻ, ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഫെയറുകൾക്ക് തുടക്കമായി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. റംസാൻ ഫെയർ മാർച്ച് 30 വരെയും വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെയുമാണ് നടക്കുക
വിവിധ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ ഫെയറുകളിൽ ലഭ്യമാക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ചന്തകളും മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഫെയറുകൾ നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ തന്നെ വിപണനമേളകൾ ക്രമീകരിക്കുന്നത്.
285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപയ്ക്കാണ് സപ്ലൈകോ ഫെയറുകളിൽ വിൽക്കുന്നത്. 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
ഉത്സവകാലത്ത് സബ്‌സിഡി ഉത്പന്നങ്ങൾ കൃത്യമായി എത്തിക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഉത്പന്നങ്ങൾക്ക് 15 മുതൽ 45 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. പൊതുവിപണിയിൽ 85 മുതൽ 120 രൂപ വരെ വിലയുള്ള ബിരിയാണി അരി സപ്ലൈകോയിൽ 65 രൂപയ്ക്കും 94 രൂപയ്ക്കും ലഭിക്കും. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കും വിലക്കുറവുണ്ട്. പൊതുജനങ്ങൾ സപ്ലൈകോ ഫെയറുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.