ആത്മശുദ്ധീകരണത്തിന്റെ വ്രത നാളുകൾ നമ്മളോട് വിട ചോദിക്കാനിരിക്കുകയാണ്.ആത്മീയോന്നതി നേടിയെടുത്ത് അല്ലാഹുവിന്റെ പ്രീതി പാത്രരായി നമ്മൾ മാറിയോ എന്ന വിചിന്തനത്തിനും, ആയെങ്കിൽ ഭാവി ജീവിതത്തിൽ അവയെ പരിപോഷിപ്പിക്കേണ്ടതെങ്ങനെയെന്നും ചിന്തിക്കേണ്ട സമയമാണിത്.
പരിശുദ്ധ റമദാനിലെ പുണ്യമേറിയ നാളുകളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള ചുരുങ്ങിയ ദിനരാത്രങ്ങൾ ആരാധനകൾ കൊണ്ട് ധന്യമാക്കി പരലോക വിജയം നേടിയെടുക്കാൻ സാധിക്കണം നമുക്ക്.ആയുസ്സിന്റെ പടവൃക്ഷത്തിൽ നിന്നും എത്ര ഇലകൾ പൊഴിഞ്ഞു വന്ന് അറിയാതെയാണ് നമ്മുടെ ഗമനം.വിശുദ്ധ ഖുർആൻ നമ്മളോട് ഓർമ്മപ്പെടുത്തുന്നുണ്ട്: ” സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നാളെക്കുവേണ്ടി എന്താണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ചെയ്യട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകണം, നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണവന്‍.( സൂറത്ത് ഹശ്റ് :18)
ഇന്നത്തെ പ്രദോഷത്തിനോ നാളെയുടെ പ്രഭാതത്തിനോ സാക്ഷികൾ ആകുമോ എന്ന യാതൊരുവിധ ഉറപ്പുമില്ലാത്തവരാണ് നമ്മൾ. മുമ്പിലുള്ള സുകൃതം നിറഞ്ഞ സമയങ്ങളെയും പുണ്യസ്ഥലങ്ങളിലും ഉപയോഗപ്പെടുത്താൻ നമ്മൾ ശ്രദ്ധിക്കണം. അല്ലാഹുവിന് സദാ ഇബാദത്തിൽ ആയിരിക്കുന്ന ഇഷ്ടദാസന്മാരായ അവന്റെ മലക്കുകളെക്കാൾ ഉന്നത ശ്രേണിയിലെത്താനുള്ള അവസരവും സന്ദർഭവും അല്ലാഹു
ഈ ഭൂമിയിലെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനുഷ്യന് ഒരുക്കി നൽകുന്നുണ്ട്.അവകളെ ഉപയോഗപ്പെടുത്തുകയാണ് അല്ലാഹുവിന്റെ അടിമ എന്ന നിലയിൽ നമ്മുടെ മേൽ ബാധ്യത.
അങ്ങനെ ജാഗ്രതയിൽ നീങ്ങുകയാണെങ്കിൽ വർഷങ്ങൾ ഇബാദത്ത് എടുത്ത പ്രതിഫലം ലഭിക്കുന്ന ലൈലത്തുൽ ഖദർ നമുക്ക് മുന്നിലുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് നിരവധി പ്രതിഫലം വാങ്ങാൻ പറ്റുന്ന പല ഇബാദത്തുകളും നമുക്ക് അല്ലാഹു പ്രത്യേകമാക്കി നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ റമദാനിലെ ഈ ഒരു അവസാന ദിനങ്ങൾ നമ്മൾ ഇബാദത്തുകൾ ചെയ്തുകൊണ്ട് കഴിഞ്ഞുകൂടണം.കാരണം മഹാനായ പ്രവാചകർ (സ്വ) തങ്ങൾ റമദാനിലെ അവസാന പത്തായാൽ ഇബാദത്തിന്റെ വിഷയത്തിൽ അങ്ങേയറ്റം സജീവമാകുമായിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതനായ ബുഖാരി ഇമാം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ മഹതി ആയിഷ ബീവി പറയുന്നതായി ചെയ്യുന്നതായി നമുക്ക് കാണാം: “റമദാനിലെ അവസാന പത്ത് പ്രവേശിച്ചാൽ നബി തങ്ങൾ അരയുടുപ്പ് മുറുക്കിയുടുത്ത് വീട്ടുകാരെ വിളിച്ചുണർത്തി രാത്രികാലങ്ങളെ പൂർണ്ണമായും ഇബാദത്തിലായി കഴിച്ചു കൂട്ടുമായിരുന്നു ” (സ്വഹീഹുൽ ബുഖാരി).
ഈയൊരു സമയത്ത് മഹാനായ ഇമാം ശാഫിഈ ( റ) വിൻ്റെ വാക്കുകൾ നമുക്ക് പ്രചോദനമാകണം. ” എൻറെ തെറ്റുകൾ വലുതാണ്.പക്ഷേ നിൻറെ വിട്ടുവീഴ്ചയിലേക്ക് ചേർത്തു നോക്കുമ്പോൾ നിൻ്റെ വിട്ടുവീഴ്ച എത്രയോ വലുതാണ്.നീ എന്നെന്നും മാപ്പ് നൽകുന്നവൻ തന്നെ.അത് നിൻെറ ഔദാര്യവും മാന്യതയുമാണ്.” അതുകൊണ്ട് മനസ്സ് തുറന്നു അല്ലാഹുവിനോട് തൗബ ചെയ്യാൻ നമുക്ക് സാധിക്കണം,ദിക്റിലും ദുആയിലുമായി നമ്മുടെ പകലിരവുകൾ സജീവമാകണം,വിശുദ്ധ ഖുർആൻ നമ്മുടെ നാവിൻ്റെയും ഹൃദയത്തിൻ്റെയും കൂട്ടുകാരനാകണം,പള്ളിയിൽ ഇഅതികാഫിനായി സമയം കണ്ടെത്തണം,തസ്ബീഹ് നമസ്കാരം കൊണ്ട് നമ്മുടെ ജീവിതം ധന്യമാക്കണം,പാവപ്പെട്ടവർക്കും അശരണർക്കും വേണ്ട സഹായങ്ങൾ നമ്മൾ എത്തിക്കണം. നാഥൻ തുണക്കട്ടെ.
റമീസ് ഹൈതമി
അസി: പ്രിൻസിപ്പൽ ദഅവ കോളജ് ജാമിഅ: ദാറുസ്സലാം നന്തി ബസാർ