ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങളത്ത് ഉയരപാത നിര്‍മ്മാണം പൂര്‍ത്തിയായി. രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് വെങ്ങളം ജംഗ്ഷനില്‍ രണ്ട് വരി ഉയര പാത നിര്‍മ്മിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഉയരപാതയാണ് വെങ്ങളത്ത് നിര്‍മ്മിച്ചത്. വെങ്ങളത്ത് ഉയര പാതയുടെ പെയിന്റിംങ്ങ് ജോലി പുരോഗമിക്കുകയാണ്. ഉയര പാത തുറന്നു കൊടുത്താല്‍ വെങ്ങളം ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. തിരുവങ്ങൂരില്‍ അണ്ടര്‍പാസ് നിര്‍മ്മിച്ചിടത്ത് വരെ റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
വെറ്റിലപ്പാറയ്ക്കും പൊയില്‍ക്കാവിനും ഇടയിലാണ് കൂടുതല്‍ പ്രവർത്തി നടക്കാനുളളത്. പൂക്കാട് അണ്ടര്‍പാസ് നിര്‍മ്മിച്ചിടത്ത് ഇരു ഭാഗത്തും മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. പൊയില്‍ക്കാവ് അടിപ്പാതയുടെ ഇരുഭാഗത്തും റോഡ് പണി തുടങ്ങിയിട്ടില്ല. ഈ ഭാഗത്താണ് കാര്യമായ പ്രവർത്തി നടക്കാനുള്ളത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാകാനുണ്ട്. ചെങ്ങോട്ടുകാവില്‍ അണ്ടര്‍ പാസിന് സമീപം വടക്കു ഭാഗത്ത് റോഡ് പ്രവർത്തി പൂര്‍ത്തിയായി. മറുഭാഗത്ത് റോഡിന്റെ പ്രവർത്തി പുരോഗമിക്കുന്നതേയുള്ളു.
മഴക്കാലത്തിന് മുമ്പ് പൊയില്‍ക്കാവ് ഭാഗത്ത് ഓവുചാലിന്റെയും റോഡിന്റെയും പ്രവർത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വെള്ളക്കെട്ടായിരിക്കും ഫലം. കോമത്തുകരയില്‍ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സര്‍വ്വീസ് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. പന്തലായനി പുത്തലത്ത് കുന്ന്, കൂമന്‍തോട്, കുന്ന്യോറമല, കൊല്ലം ഭാഗങ്ങളിലും പണി പൂര്‍ത്തിയായിട്ടില്ല.