സംസ്ഥാനത്തെ ആദ്യത്തെ വൈന്‍ നിര്‍മാണ യൂണിറ്റില്‍നിന്നുള്ള ‘നിള’ ബിവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിന്റെ തനത് പഴങ്ങളില്‍നിന്നുള്ള ഈ വൈനുകളൊരുക്കുന്നത്. എക്സൈസ് വകുപ്പിന്റെ ലേബല്‍ ലൈസന്‍സ് ലഭിച്ചതോടെയാണ് നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവ വിപണിയിലെത്തുന്നത്. 750 മില്ലീലിറ്റര്‍ കുപ്പിക്ക് 1000 രൂപയില്‍ താഴെയാകും വില. ഓരോ മാസവും 125 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനുള്ള ഉത്പാദനശേഷിയാണുള്ളത്. ഒരുബാച്ച് വൈന്‍ ഉണ്ടാക്കാന്‍ ഏഴുമാസമെടുക്കും. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറുമാസം പാകപ്പെടുത്തുന്നതിനും വേണ്ടിവരും. ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യു ആപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. മണ്ണാര്‍ക്കാട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ നിന്നാണു വൈനിന് കശുമാങ്ങ എത്തിക്കുന്നത്.