കൂരാച്ചുണ്ട് : 2024 ഡിസംബർ അവസാനത്തോടെ ജലസേചന വകുപ്പ് ഡാം റിസർവോയർ ബഫർസോൺ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുവണ്ണാമൂഴി
റിസർവോയറിന് സമീപമായി താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളെ സാരമായി ബാധിക്കുന്നതാണ് പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് പ്രകാരം പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ജലസംഭരണ പ്രദേശത്ത് നിന്നും 120 മീറ്റർ വരെയുള്ള ദൂരത്തിൽ വീട് നിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇനി നിയന്ത്രണ വിധേയമായ രീതിയിലെ അനുമതി ലഭിക്കുകയുള്ളു.
‘അടിയന്തിര ഭരണ സമിതി യോഗം ചേർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത്’
ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാട് പിൻവലിക്കണമെന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി വിളിച്ചു ചേർത്ത യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ 2,3,4,5,6,7 എന്നീ വാർഡുകളിലെ ഭൂരിപക്ഷ പ്രദേശവും ഇറിഗേഷൻ വകുപ്പിൻ്റെ റിസർവോയറിനോട് ചേർന്ന് കിടക്കുന്ന ഭാഗമാണ്. വന്യമൃഗശല്യം മൂലം കഷ്ടപ്പെടുന്ന മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് വീണ്ടും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ് ഇറിഗേഷൻ വകുപ്പിൻ പുതിയ തീരുമാനം. വനമേഖലയുമായി ബന്ധപ്പെട്ട ബഫർസോൺ വിഷയം ഒരു വിധത്തിൽ മാറിവരുമ്പോഴാണ് പുതിയ ബഫർസോൺ ഭീഷണിയായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഭൂമി സംബന്ധമായ എല്ലാ രേഖകളും ഉള്ളതും നിലവിൽ വീട് വച്ചും കൃഷി ചെയ്യും ജീവിക്കുന്നതുമായ കർഷകർ താമസിക്കുന്ന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അവരെ കുടിയിറക്കുന്നതിന് തുല്യമാണ് . ആയതിനാൽ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്ത സീറോ ബഫർസോൺ എന്ന രീതിയിൽ തന്നെ ഈ പ്രദേശം തുടരേണ്ടതാണ്. നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നടപടികൾ പൂർണമായും അവസാനിപ്പിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടാനും ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, സെക്രട്ടറി ഇ.ഷാനവാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സിമിലി ബിജു, ഡാർളി പുല്ലംകുന്നേൽ ഗ്രാമപഞ്ചായ ത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.