സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ് അല്‍ അമീന്റെ പ്രഥമപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത്. 1936 മാര്‍ച്ച് 26 ലെ അല്‍ അമീന്റെ ലക്കത്തില്‍ വടകര വെച്ച് നടക്കാന്‍ പോകുന്നത് പ്രദര്‍ശനത്തെക്കുറിച്ചുള്ള കൗതുകകരമായ വാര്‍ത്ത കാണാം. ക്രിസ്ത്യന്‍ കോളേജിലെ മുന്‍ ചരിത്രവിഭാഗം മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ പത്രം ശ്രദ്ധയില്‍പ്പെട്ടത്.
1936 മാര്‍ച്ച് 31 മുതല്‍ മലബാര്‍ പ്രവിശ്യയിലെ വിദ്യാഭ്യാസപ്രദര്‍ശന വസ്തുക്കളുടെ ഒരു പ്രദര്‍ശനം വടകര ട്രെയിനിംഗ് സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നു എന്നും ഈ പ്രദര്‍ശനത്തിലേക്ക് വസ്തുക്കള്‍ പാഴ്സലായി അയക്കുന്നവര്‍ ശ്രീ.കെ.കെ.അപ്പുക്കുട്ടി അടിയോടി, കണ്‍വീനര്‍ കോണ്‍ഫറന്‍സ് ഓഫീസ്, വടകര എന്ന വിലാസത്തില്‍ അയച്ചാൽമതി എന്നുമാണ് വാര്‍ത്തയിലെ ഉള്ളടക്കം.
പ്രദര്‍ശനവസ്തുക്കളില്‍ ഏറ്റവും മികച്ചതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലബാറില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥാപനത്തോട് കൂടി പൊതുവിദ്യാഭ്യാസം വികസിക്കുന്നതിന്റേയും വിദ്യാഭ്യാസസ്ഥാപനങ്ങളായ സ്‌കൂളുകളുമായും ബന്ധപ്പെട്ട് പ്രദര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെയും ഉത്തമോദാഹരണമാണ് ഈ പത്രവാര്‍ത്ത.