വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, വാർഡ് കോൺഗ്രസ് പ്രസിഡണ്ടുമായ ചോറോട് രമേശൻ കിഴക്കയിലിന്റെ വീടിന് തീയിടാൻ ശ്രമം. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ കറണ്ട് പോയതിനെ തുടർന്ന് ഇൻവെർട്ടർ ഓണാക്കാൻ വേണ്ടി റൂമിന് പുറത്തിറങ്ങിയപ്പോഴാണ് അടുക്കളയുടെ ഭാഗത്തോട് ചേർന്നുള്ള കൂടയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷീനും വിറകും കത്തുന്നത് രമേശന്റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ ഉറങ്ങുന്ന ഭാര്യയെയും മകനെയും ഉണർത്തുകയും ഇവർ മൂന്ന് പേരും കൂടെ തീ അണയ്ക്കുകയുമായിരുന്നു. വാഷിംഗ് മെഷീനിൽ നിന്ന് ഷോർട് സർക്യൂട്ട് വഴി തീപ്പിടിച്ചതാണെന്നു കരുതിയെങ്കിലും നേരം വെളുത്തപ്പോൾ വീടിന് ചുറ്റും രക്തകറ കണ്ടതോടെ ആരോ മനഃപൂർവം തീ കൊടുത്തതാണെന്ന സംശയം ബലപ്പെടുകയായിരുന്നു.
രാത്രി തീ ഇടാൻ വന്ന ആർക്കോ പരിക്ക് പറ്റിയതിനെ തുടർന്ന് രക്തം ഇറ്റു വീണ പാടുകൾ വീടിന് ചുറ്റും കാണുന്നുണ്ട്.തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു .സംഭവം അറിഞ്ഞു വടകര യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ: നജ്മൽ. പി. ടി. കെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി. നിജിൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.