തീരദേശത്തെ മനുഷ്യരെ ചേർത്തു പിടിക്കണം – കെപി നൗഷാദ് അലി

/

ഒമ്പത് ജില്ലകളിലായി പടർന്ന് കിടക്കുന്ന 590 കിലോമീറ്റർ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും വാണിജ്യ – സാംസ്കാരിക വിനിമയത്തിനും തീരങ്ങൾ സാക്ഷിയായി. എന്നാൽ നീറുന്ന നിരവധിയായ വിഷയങ്ങളിലൂടെ കടലോരവും, തീരദേശ ജനതയും കടന്നു പോകുന്നുണ്ട്. മേൽക്കൂരയിലെ ദ്രവിച്ച ഓലകൾ കെട്ടിമേയാനുള്ള സാഹചര്യം പോലും അന്യമായ നൂറുകണക്കിന് വീടുകൾ തീരദേശത്തെ നൊമ്പര കാഴ്ചയാണ്. മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങൾക്കൊപ്പം കടലോര ജനതയെയും കൂടെ നടത്താനുള്ള ബാധ്യത അധികൃതരോടൊപ്പം സമൂഹത്തിലെ ഓരോരുത്തർക്കുമുണ്ട്.

കടലാക്രമണം, ഖനനം

കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ 2500 ഏക്കറിലധികം തീരദേശ ഭൂമി കടലാക്രമണത്തിൽ നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു. ഒന്നര ലക്ഷം മനുഷ്യർക്കാണ് വാസസ്ഥലം നഷ്ടമായത്. ചെല്ലാനം, വലിയതുറ, ചവറ തുടങ്ങിയിടങ്ങളിൽ നിന്നും കുടുംബങ്ങൾ പൂർണ്ണമായും കുടിയിറങ്ങുന്ന സ്ഥിതിയായി. ആഴക്കടൽ ഖനനവും, മണൽ വാരലും, കണ്ടൽക്കാടുകളുടെ നാശവും, കാലാവസ്ഥ വ്യതിയാനങ്ങളും കടലാക്രമണതോത് വർദ്ധിപ്പിക്കുന്നു.

13 ബ്ലോക്കുകളിലായി ആഴക്കടൽ മണൽ ഖനനത്തിന് കേന്ദ്രസർക്കാർ കോപ്പു കൂട്ടുന്നതോടെ 2.5 ലക്ഷം വരുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾ അരക്ഷിതാവസ്ഥയിലാവുകയാണ്. 750 മില്യൺ ടൺ മണലിലാണ് കോർപ്പറേറ്റുകൾ കണ്ണു വെക്കുന്നത്. കേരളത്തിന്റെ വാർഷിക ഉപഭോഗം 30 മില്യൺ ടണ്ണാണ്. ആദ്യ ഘട്ടത്തിൽ പദ്ധതി ലക്ഷ്യമിടുന്ന പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തീരങ്ങൾ ഈ ഭീഷണിയുടെ നിഴലിലാണ്. കേന്ദ്ര അജണ്ട വിജയിക്കുന്ന പക്ഷം തലമുറകളായി നിലനിന്നു പോന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ആവാസവ്യവസ്ഥക്ക് മരണമണി മുഴങ്ങും. സമാന നിർദ്ദേശത്തെ തമിഴ്നാട് ചെറുത്തു തോൽപ്പിച്ചപ്പോൾ കേരളം സ്വീകരിക്കുന്നത് സംശയാസ്പദ നിലപാടാണ്.

കടലാക്രമണത്തെ ചെറുക്കാൻ കാലാകാലങ്ങളിൽ ഗവർമ്മെൻറുകൾ സ്വീകരിച്ചു പോരുന്നത് കടൽ ഭിത്തി നിർമ്മാണമാണ്. പുലിമുട്ട് നിർമ്മാണത്തിന് സർക്കാർ ചിലവഴിച്ച 400 കോടിയുടെ പദ്ധതി ക്രമക്കേടുകളെ തുടർന്ന് നിലവിൽ വിജിലൻസ് അന്വേഷണത്തിലാണ്. എസ്റ്റിമേറ്റിലും, ടെൻഡറിലും, ഉപയോഗിച്ച കല്ലുകളുടെ ഗുണനിലവാരത്തിലും അടക്കം വ്യാപകമായ പരാതികൾ ഈ പദ്ധതിയിൽ ഉയർന്നിട്ടുണ്ട്. സി. ആർ. സെഡ് നിയമത്തിലെ കടുത്ത വ്യവസ്ഥകളും മത്സ്യതൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. തീരപ്രദേശത്തെ പാർപ്പിട പദ്ധതിയായ പുനർഗേഹം ഫണ്ടില്ലാത്തതിനാൽ നിലച്ച മട്ടാണ്.

ആരോഗ്യ പ്രതിസന്ധി

നോവലിലും സിനിമയിലും കണ്ടുപരിചയിച്ച മത്സ്യതൊഴിലാളികൾ ആരോഗ്യദൃഢഗാത്രരായ, എന്തിനും പോന്ന ധൈര്യശാലികളായിരുന്നു. ധൈര്യത്തിനു കുറവില്ലെങ്കിലും തീരദേശത്ത് കാണപ്പെടുന്ന പുതിയ പല രോഗങ്ങളും ദുരൂഹത ജനിപ്പിക്കുന്നതാണ്.

മത്സ്യതൊഴിലാളി മേഖലയിലെ അസുഖങ്ങളായി കരുതിപോന്നിരുന്നത് ത്വക് രോഗങ്ങളും, കാഴ്ച- ശ്രവണ വൈകല്യങ്ങളും, ജലജന്യ രോഗങ്ങളുമായിരുന്നു. എന്നാൽ അസാംക്രമിക രോഗങ്ങൾ എന്നറിയപ്പെടുന്ന എൻ. സി.ഡി (നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ്) വ്യാപകമായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കിഡ്നി – ഹൃദയ – കരൾ തകരാറുകൾ, രക്‌തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, വിഷാദം എന്നിവ വ്യാപകമാവുന്നു. സമീപകാലം വരെ തീരദേശത്തിനന്യമായിരുന്ന ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. ഉപ്പിന്റെ അമിത ഉപഭോഗവും, നിർജ്ജലീകരണവും ആരോഗ്യ അധികൃതർ കാരണങ്ങളായി പറയാറുണ്ടെങ്കിലും അവയൊന്നും പുതുതായി തുടങ്ങിയവയല്ല. ആശുപത്രികളുടെയും വിദഗ്ധ ഡോക്ടർമാരുടെയവും മറ്റു ആരോഗ്യ സേവനങ്ങളുടെയും അഭാവം എല്ലാ കാലത്തെയും പോലെ ഇപ്പോഴും തുടരുകയാണ്. ആവശ്യകത വർദ്ധിച്ച പുതിയകാലത്ത് അധികൃതരുടെ അടിയന്തിര ശ്രദ്ധ തീരദേശ ആരോഗ്യ പരിപാലന രംഗത്ത് ഉണ്ടാവേണ്ടതുണ്ട്. കുടിവെള്ളം മലിനമാവുകയും, വ്യവസായ മാലിന്യങ്ങൾ വ്യാപകമാവുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്.

തൊഴിലില്ലായ്മ

കാലാവസ്ഥ മാറ്റങ്ങൾ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിത വേലിയേറ്റങ്ങളും, പ്രകൃതി ദുരന്തങ്ങളും സ്ഥിതി വഷളാക്കുന്നു. തൊഴിലിടങ്ങളുടെ നഷ്ടവും, മത്സ്യസമ്പത്തിലെ കുറവും കടപ്പുറത്തെ വറുതിയിലാക്കിയിട്ടുണ്ട്. ആഴക്കടൽ മത്സ്യ ബന്ധനവും, വലിയ വെസലുകളും, കോൾഡ് സ്റ്റോറേജ് – സംസ്കരണ സൗകര്യങ്ങളും അന്നന്നു കടലിൽ പോയിരുന്ന ഇടത്തര – ചെറുകിടക്കാരെ തൊഴിൽ രഹിതരാക്കിയിട്ടുണ്ട്. ഇന്ധന സബ്സിഡിയുൾപ്പടെ വിവിധ ക്ഷേമപദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത കാരണം ഫലപ്രദമല്ല.

സംവരണ പിഴവുകൾ

കേരളതീരദേശം ഒറ്റപ്പെട്ട സംഘർഷങ്ങൾ ഒഴിച്ചാൽ എന്നും ശാന്തമാണ്. ക്രിസ്ത്യൻ – ഹിന്ദു- മുസ്ലിം വിഭാഗങ്ങൾ തീരപ്രദേശത്ത് വസിക്കുന്നുണ്ട്. ഹിന്ദു വിശ്വാസികളായ ധീവര വിഭാഗത്തിന് ഒബിസി ക്വാട്ടയിൽ നിന്ന് 3% സംവരണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ മതവിശ്വാസികൾ ലത്തീൻ കത്തോലിക്ക വിഭാഗത്തിലാണ്. ഒബിസി സംവരണ ആനുകൂല്യമായി 3% റിസർവേഷൻ അവർക്കും ലഭിക്കുന്നുണ്ട്. ഇസ്ലാം മതവിശ്വാസികളായ മത്സ്യതൊഴിലാളികൾ ഒബിസി വിഭാഗത്തിലെ പൊതു മുസ്ലിം സംവരണത്തിനു കീഴിലാണ്. അവർക്ക് സംവരണ ആനുകൂല്യം ലഭ്യമാവണമെങ്കിൽ ഇതര മുസ്ലിം വിശ്വാസികളുടെ ഇടയിൽ നിന്നും യോഗ്യത കൈവരിക്കണം. അതിനുള്ള മത്സരക്ഷമത പലപ്പോഴും ഇല്ലാതെ വരുന്നതിനാൽ മുസ്ലിം മത്സ്യതൊഴിലാളികളുടെ മക്കൾക്ക് നിയമനവും പ്രവേശനവും മിക്കവാറും അന്യമാണ്. അതു കൊണ്ടു തന്നെ 12% വരുന്ന മുസ്ലിം ക്വാട്ടയിൽ നിന്ന് 2% എങ്കിലും വരുന്ന സബ്ക്വാട്ട അവർക്ക് വേണ്ടി അനുവദിക്കേണ്ടതുണ്ട്. മുസ്ലിം സംവരണത്തിനകത്തെ ഉപസംവരണമായത് കൊണ്ടു തന്നെ മറ്റു വിഭാഗങ്ങൾക്ക് നഷ്ടം സംഭവിക്കുന്നില്ല. അതുകൊണ്ടു തന്നെ പരാതി ഉയരുന്ന പ്രശ്നമില്ല. ശബ്ദിക്കാനും, അവകാശങ്ങൾ പിടിച്ചു വാങ്ങാനും സ്വാധീനമില്ലാത്തതിന്റെ പേരിൽ മുസ്ലിം വിഭാഗത്തിൽ പെടുന്ന മത്സ്യതൊഴിലാളികൾ സമൂഹത്തിന്റെ പിന്നാമ്പുറത്താണ് ഇപ്പോഴും കഴിഞ്ഞു കൂടുന്നത്. പൊതു സമൂഹത്തിന്റെയും, മുസ്ലിം സമുദായത്തിന്റെയും, സർക്കാറിന്റെയും ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സുരക്ഷയുടെ ബാലപാഠങ്ങൾ തേടി കുരുന്നുകൾ

Next Story

ഐ.ആർ.എം.യു ജില്ലാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

Latest from Literature

പ്രവാചകനെ മാതൃകയാക്കുക, സ്വഭാവ ഗുണമുള്ള വ്യക്തികളാവുക

പരിശുദ്ധ പ്രവാചകൻ ഏറ്റവും നല്ല സ്വഭാവ ഗുണമുള്ള വ്യക്തിയായിരുന്നു. ശത്രുക്കൾ പോലും അത് അംഗീകരിച്ചിരുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല

ഡോക്ടർ ശ്രീലക്ഷ്മി കവുത്തി മഠത്തിലിന് 2.5 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

ചേളന്നൂർ : കോഴിക്കോട് ശ്രീലക്ഷ്മി ചേളന്നൂർ സ്വദേശിയും ഗവേഷകയുമായ യൂറോപ്യൻ യൂണിയൻ നൽകുന്ന 2.5. കോടി രൂപയുടെ പ്രശസ്തമായ മേരി ക്യൂറി

ജനഹൃദയത്തിൽ നിറഞ്ഞു നിന്ന കവി ഗിരീഷ് പുത്തഞ്ചേരി ; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക്‌ ഇന്ന് 15 വയസ്സ്

‘പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിൻമേൽ ഉമ്മ വെച്ചു അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു..’ കാവ്യഗന്ധമുള്ള വരികൾ കൊണ്ട്

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ‘ഹാർമണി കൊയിലാണ്ടി’ എം ടി-പി ജയചന്ദ്രൻ-മണക്കാട്ട് രാജൻ അനുസ്മരണം നടത്തി

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തി പ്രശസ്ത

എം.ടി എന്നും ഒരു ഫീലായിരുന്നു…..

ഡോ.ലാൽ രഞ്ജിത്ത് ഞാൻ ജനിക്കുന്നതിന് 25 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു പുസ്തകം പിന്നേയും അത്രയും വർഷങ്ങൾക്ക് ശേഷം വായിക്കുകയായിരുന്നു ഞാൻ.