കഴിഞ്ഞ ദിവസം രാത്രി പുതുപ്പണത്ത് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ട വണ്ണമ്പത് സബിൻദാസിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വടകരയിലുള്ള ഭാര്യയെയും മക്കളെയും കണ്ടു വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. പ്രായമായ അച്ഛനുമമ്മയും ഭാര്യയും മക്കളുമടങ്ങിയ കുടുംബത്തിന് ഏക ആശ്രയമായ ഇദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം തികച്ചും അനാഥാവസ്ഥയിലായിരിക്കുകയാണ്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ പ്രവർത്തകർ കുടുംബം അനാഥമാകില്ലെന്നും എല്ലാ പിന്തുണയും ഇവർക്ക് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കൊണ്ട് ഉണ്ടാവുന്ന ഇത്തരം അപകട മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ റോഡ് നിർമ്മാണത്തിലെ തകരാർ പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെടുന്നു.
ഹൈവേ നിർമാണത്തിലെ അപാകവും മെല്ലെപ്പോക്കുമാണ് ഈ ദുരന്തത്തിന് കാരണമായത്. മൂരാട് പാലത്തിനു വടക്കു ഭാഗത്തു ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചു റോഡിനു വീതി കൂട്ടിയതുകാരണവും ഇടിച്ച കുന്നിന്റെ ഭാഗം കൃത്യമായി കോൺക്രീറ്റു ചെയ്തു ഉറപ്പിക്കാൻ വൈകിയതുമാണ് ഇടിഞ്ഞു വീഴാൻ പാകത്തിൽ വിണ്ടുകീറി നിൽക്കുന്നത്. മുൻ കരുതലിന്റെ ഭാഗമായി കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ഡിവൈഡർ വച്ച് ചുരുക്കിയതും ഭിത്തിയുടെ പണി പൂർത്തീകരിക്കാത്തതുമാണ് നിരന്തരം ഡിവൈഡറിൽ ഇടിച്ചുള്ള അപകടമുണ്ടാവുന്നതിന് കാരണം പാലോളിപ്പാലത്തു നിന്നും മൂരാട് പാലം വരെയുള്ള റോഡ് പൂർത്തിയായെങ്കിലും ഇടിഞ്ഞു നിൽക്കുന്ന കുന്നിന്റെ ഭിത്തി ഉറപ്പിക്കാത്തതും റോഡിലെ ഡിവൈഡർ എടുത്തുമാറ്റാത്തതുമാണ് അപകടങ്ങൾക്ക് ഇടയാകുന്നത്. ലൈറ്റ് സൗണ്ട് ഉടമയായ സബിൻദാസ് ബാലകൃഷ്ണൻ്റെയും സരസയുടെയും മകനാണ്. ഭാര്യ: രനിഷ (പയ്യോളി മുൻസിപ്പാലിറ്റി വെൽനസ് സെൻ്റർ അയനിക്കാട്), മക്കൾ: കൃഷ്ണ നന്ദ ദേവനന്ദ (ഇരുവരും സെൻ്റ് ആൻ്റണിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ), സഹോദരൻ : പരേതനായ വിപിൻദാസ്.