കണ്ണൂർ കൈതപ്രത്ത് 49കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന എഫ്‌ഐആര്‍ പുറത്ത്. പ്രാദേശിക ബിജെപി നേതാവായ കല്ല്യാട് രാധാകൃഷ്‌ണനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. 20 വർഷം മുമ്പാണ് കല്ല്യാട് നിന്ന് രാധാകൃഷ്‌ണൻ കൈതപ്രത്ത് എത്തുന്നത്. സജീവ ബിജെപി പ്രവർത്തകനും നാട്ടിലെ ജനകീയനുമായ ആളായിരുന്നു രാധാകൃഷ്‌ണൻ എന്ന് നാട്ടുകാരും പറയുന്നു.
രാധാകൃഷ്‌ണന്റെ കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ വിരോധം ആണെന്നാണ് എഫ്ഐആർ പറയുന്നത്. സന്തോഷിന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. രാധാകൃഷ്‌ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ ആയിരുന്നു. ഇവർ നല്ല സൗഹൃദത്തിലും ആയിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദം രാധാകൃഷ്‌ണൻ ചോദ്യം ചെയ്‌തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് സന്തോഷ് മൊഴി നൽകിയത്. കൂടാതെ കൊലയ്ക്ക് ദിവസങ്ങൾക്ക് മുൻപ് രാധാകൃഷ്‌ണൻ ഭാര്യയെ മർദിക്കുകയും ചെയ്‌തു. അതിനു പിന്നാലെയാണ് ‘ഞാൻ എന്തും സഹിക്കും എന്റെ പെണ്ണിനെ ആക്രമിക്കുന്നത് സഹിക്കില്ലെ’ന്ന് കാട്ടി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടാതെ തോക്കും കണ്ടെത്തേണ്ടതുണ്ട്. രാധാകൃഷ്‌ണന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും.
ടാക്‌സി ഡ്രൈവർ ആയിരുന്ന രാധാകൃഷ്‌ണൻ എല്ലാവർക്കും വിളിപ്പുറത്തെത്തുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ നിര്‍മാണം നടക്കുന്ന വീട്ടിൽ വച്ചാണ് മദ്യ ലഹരിയിൽ എത്തിയ സന്തോഷ് വെടിയുതിർക്കുന്നത്. കൈതപ്രം 2-ാം വാർഡിൽ വൈകുന്നേരം 6.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സമീപത്തു വോളിബോൾ കളിക്കുകയായിരുന്ന ചിലര്‍ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ ചോരയിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്‌ണനെ ആണ് കണ്ടത്. മദ്യ ലഹരിയിൽ സന്തോഷും തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരിന്നു. അങ്ങനെയാണ് കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ആയ രാധാകൃഷ്‌ണൻ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു.
കൊല ചെയ്യുന്നതിന് മണിക്കൂറുകൾക്കു മുമ്പ് തന്നെ രാധാകൃഷ്‌ണന് നേരെ ഭീഷണി ഉയർത്തി കൊണ്ടുള്ള കുറിപ്പ് തന്റെ ഫേസ്ബുക്കിലൂടെ സന്തോഷ് പുറത്തുവിട്ടിരുന്നു. ‘കൊള്ളിക്കുക എന്നത് ടാസ്ക്കാണ്, കൊള്ളും എന്നത് ഉറപ്പാണ്’ -എന്ന തലക്കെട്ട് കൂടിയാണ് തോക്കു പിടിച്ചു നിൽക്കുന്ന ഫോട്ടോ സന്തോഷ് പോസ്റ്റ് ചെയ്‌തത്. ഇത് പ്രാഥമികമായി തന്നെ കൊലയ്ക്കുള്ള കാരണം ആയി പൊലീസ് കണ്ടെത്തിയിരുന്നു. പഞ്ചായത്തിൽ പന്നിയെ പിടിക്കാൻ ഉൾപ്പെടെ ലൈസൻസ് കിട്ടിയ തോക്ക് ആയിരുന്നു സന്തോഷിന്റെ കയ്യിൽ ഉണ്ടായിരുന്നത്. കൊലയ്ക്ക് ശേഷം മദ്യ ലഹരിയിൽ ആയിരുന്ന സന്തോഷിനെ ചോദ്യം ചെയ്യാൻ ആദ്യ ഘട്ടത്തിൽ പൊലീസിന് കഴിഞ്ഞിരുന്നില്ല. എല്ലാം പറയാം എന്ന മറുപടിയിൽ ഇയാള്‍ എല്ലാം ഒതുക്കിയെങ്കിലും മദ്യ ലഹരിയില്‍ നിന്ന് മുക്തനാകുന്നതുവരെ പോലീസ് കാത്തിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് പരിയാരം പൊലീസ് സന്തോഷിനെ ചോദ്യം ചെയ്‌തത്. രാത്രി നീണ്ട തെരച്ചിലിൽ കൊലയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെത്താൻ കഴിഞ്ഞില്ല.