കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് നിയന്ത്രണം വിട്ട് വീണ് മുങ്ങിപ്പോയ വാഗണർ കാറിലെ യാത്രക്കാരായ ദമ്പതികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇടതുകര കനാലിൻ്റെ വളയംകണ്ടം ഭാഗത്താണ് ഇന്നലെ അപകടമുണ്ടായത്. തദ്ദേശവാസികളായ പേരാമ്പ്ര കുന്നുമ്മൽ രജിഷ് (40), ഭാര്യ അമിത (36) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കനാലിൽ ചാടി കാറിൻ്റെ ചില്ല് പൊട്ടിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു.
അവശരായ ദമ്പതികളെ പേരാമ്പ്ര ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. രജീഷിനു കൈക്കും അമിതക്ക് കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ജലജീവൻ പൈപ്പ് സ്ഥാപിക്കുന്ന ക്രെയിൻ സ്ഥലത്തുണ്ടായിരുന്നു. വെള്ളം നിറഞ്ഞ കനാലിൽ വീണു മുങ്ങിയ കാർ ക്രെയിൻ ഉപയോഗിച്ച് പിന്നീട് ഉയർത്തി മാറ്റി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.