മഴയും കാറ്റും തുടങ്ങി; ഉറക്കം നഷ്ടപ്പെട്ട് നെഞ്ചിടിപ്പുമായി തോണക്കര അന്നമ്മ

പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരിയാണ് വൃദ്ധയും വിധവയുമായ തോണക്കര അന്നമ്മ. പെരുവണ്ണാമൂഴി – മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ തനിച്ച് താമസിക്കുന്നത്. റോഡിൻ്റെ മുകൾ ഭാഗം കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ സ്ഥലമാണ്. ഇതിൽ പാതയോട്‌ ചേർന്നു നിൽക്കുന്ന ഒമ്പതോളം വൻ മരങ്ങളാണ് അന്നമ്മയുടെ ഉറക്കം കെടുത്തുന്നത്. മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവുന്ന നിലയിലാണ്. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്കാണ് പതിക്കുക. മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഒരു വർഷം മുമ്പ് (7 -1-2O24) കുറ്റ്യാടി ജലസേചന പദ്ധതി അസി. എഞ്ചിനീയർക്ക് രേഖാമൂലം അപേക്ഷ നൽകി. എഞ്ചിനീയർ ഇത് പിന്നീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. അന്നമ്മ ഇരു ഓഫീസുകളും കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ 2025 ൽ ട്രീ കമ്മറ്റി ചേർന്ന് മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. പക്ഷെ നടപ്പിലായില്ല. അന്നമ്മയുടെ ഉറക്കം കെടുത്തി തീരുമാന രേഖ ഫയലിൽ മയക്കത്തിലാണ്.

Leave a Reply

Your email address will not be published.