മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ശേഷിക്കുന്ന പ്രതികളെ വെറുതെ വിട്ടു.
മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.