അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് പയ്യോളിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ സ്വദേശി, ബി.ആർ.എസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അറുവയിൽ മീത്തൽ സബിൻദാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പുതുപ്പണത്ത് വച്ച് അപകടമുണ്ടായത്. വടകരയിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്ന സബിൻദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ സബിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ രനിഷ. മക്കൾ: കൃഷ്ണനന്ദ, ദേവനന്ദ.
മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞ ഭാഗത്താണു ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഡിവൈഡർ സ്ഥാപിച്ചത്. വീതിയുള്ള റോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് ഡിവൈഡറുണ്ടെന്ന് അറിയുക. ഡിവൈഡർ കാണുമ്പോൾ പെട്ടന്ന് വെട്ടിക്കുന്നതിനാൽ ഇവിടെ മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.