കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ പുനരുദ്ധാരണം നടത്തുന്നതിനായി 31ാം വാർഡ് കോതമംഗലം ദേശത്തെ തച്ചംവള്ളി കുളം നവീകരണ പ്രവർത്തി അരിക്കുളം ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കരാർ ഏറ്റെടുത്തിട്ട് രണ്ടുവർഷം പൂർത്തിയാവുന്നു. നിരവധി തവണ പെട്ടെന്ന് പ്രവർത്തി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും കരാറുകാർ നവീകരണ പ്രവർത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയില്ല. 2024 മെയ് അവസാനവാരത്തിൽ പ്രവർത്തി ആരംഭിച്ചപ്പോൾ വാർഡ് കൗൺസിലറും പരിസരവാസികളും മഴക്കാലമാണ് വരാൻ പോകുന്നത് എന്നും ഇപ്പോൾ തുടങ്ങിയാൽ പ്രദേശത്ത് വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കരാറുകാരനെ ബോധിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ പെട്ടെന്ന് തന്നെ പണി പൂർത്തീകരിക്കും എന്ന് പറഞ്ഞു നവീകരണ പ്രവർത്തി തുടങ്ങുകയായിരുന്നു.
അശാസ്ത്രീയമായ രീതിയിലുള്ള പണിയാണ് കുളത്തിന്റെ നവീകരണത്തിൽ കരാറുകാരന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സമയക്രമം പാലിക്കാതെയുള്ളതായതിനാൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കഴിഞ്ഞ മഴക്കാലത്ത് പരിസരത്തെ രണ്ടു വീടുകളുടെ ഭിത്തി ഇടിഞ്ഞുവീഴുകയും അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിരവധി തവണ നഗരസഭയിലും കരാറുകാരനെ നേരിട്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു. എന്നാൽ നഗരസഭാ അധികൃതർ പറഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും കരാറുകാരൻ വിമുഖത കാണിക്കുകയാണ്. രാഷ്ട്രീയപരമായ വിദ്വേഷമാണ് ഇതിന് പിന്നിൽ എന്ന് കൗൺസിലർ ദൃശ്യ. എം ആരോപിക്കുന്നു.
പൊതുജനങ്ങളോടും കൗൺസിലറോടും ഒട്ടും തന്നെ സഭ്യമല്ലാത്ത ഭാഷയാണ് കരാറുകാരൻ ഉപയോഗിക്കുന്നത്. പ്രവർത്തിയിലെ മന്ദഗതിയും കരാറുകാരന്റെ ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചും ഉന്നയിച്ച് കൗൺസിലർ നേരത്തെ തന്നെ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. നാളിതുവരെയായി ഇതിന് യാതൊരു പരിഹാരവും ആയില്ലെന്നാണ് കൗൺസിലർ പറയുന്നത്. എല്ലാ കാലാവസ്ഥയിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ജലസ്രോതസാക്കി തച്ചംവള്ളികുളത്തെ മാറ്റുന്നതിനും സുരക്ഷിതമായ രീതിയിൽ നീന്തൽ പരിശീലനം നൽകുന്നതിനുതകുന്ന ഒരു നീന്തൽ കുളമാക്കി പ്രസ്തുത കുളത്തെ മാറ്റണമെന്നും അതിനാവശ്യമായ മാറ്റങ്ങൾ തുകയിൽ വ്യത്യാസം ഇല്ലാതെ എസ്റ്റിമേറ്റിൽ വരുത്തി പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം എന്നും കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം കൂടി കഴിഞ്ഞാൽ മഴക്കാലമാണ് വരാൻ പോകുന്നത്. ചെറിയ കുട്ടികൾ ഉള്ള വീടാണ് സമീപത്ത് ഉള്ളത്. പ്രവർത്തി പൂർത്തീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയിലാണ് പരിസരവാസികൾ. എത്രയും പെട്ടെന്ന് ഗുണമേന്മയുള്ള രീതിയിൽ ശാസ്ത്രീയമായി പ്രവർത്തി പൂർത്തീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നഗരസഭ കൗൺസിലറായ ദൃശ്യ. എം ആവശ്യപ്പെട്ടു.