സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് മെക്സിക്കോ ഉൾക്കടലിലാണ് ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്‌തത്. സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനു മുമ്പ് ഒരുനിമിഷം അവരെ നിവർന്നുനിൽക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.
നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബുച്ച് വിൽമോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിൻ്റേയും കമാൻഡറിൻ്റേയും ഇരിപ്പിടങ്ങളിൽ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗൺ പേടകത്തിലെ യാത്രക്കാർ മാത്രമാണ്. സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവർക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൻ്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണിൽ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദൽപദ്ധതി തയ്യാറാകുന്നതുവരെ അവർക്ക് ഐഎസ്എസിൽ കഴിയേണ്ടിവന്നു. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്‌സ് സെൻ്റിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാൾ കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങൾ നൽകും.