കൊയിലാണ്ടി: ലോക കവിതാദിനത്തിൽ മാർച്ച് 21 വെള്ളിയാഴ്ച വായനക്കോലായ കവിയരങ്ങും കാവ്യാസ്വാദകരുടെ ഒത്തുചേരലും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ മലയാളീസ് ഊട്ടുപുരയിൽ വൈകീട്ട് 4 മണിയ്ക്കാണ് പരിപാടി. ‘കവിത – സമാധാനത്തിലേക്കും ഉൾച്ചേർക്കലിലേയ്ക്കുമുള്ള ഒരു പാലം ‘ എന്നതാണ് ഈ വർഷം കവിതാ ദിനത്തിൻ്റെ തീം.
പ്രശസ്ത കവികൾ വി.ടി.ജയദേവൻ, ഒ.പി.സുരേഷ്, സത്യചന്ദ്രൻ പൊയിൽക്കാവ്, ആര്യ ഗോപി, മധു ശങ്കർ മീനാക്ഷി, പി.സുരേഷ്, വി.അബ്ദുൾ ലത്തീഫ്, മോഹനൻ നടുവത്തൂർ എന്നിവർ പങ്കെടുക്കും. ബിനേഷ് ചേമഞ്ചേരി, മിനി.പി.എസ്, രമ ചെപ്പ്, നവീന വിജയൻ, ഷൈനി കൃഷ്ണ, ജെ.ആർ.ജ്യോതിലക്ഷ്മി, പി.വി.ഷൈമ, ജിഷ.പി, ഷൈജി ഷാജു കൂമുള്ളി തുടങ്ങിയവർ കവിത അവതരിപ്പിക്കും. ആസ്വാദകർക്കും കവിത ചൊല്ലാം.
2000 ലാണ് യുനസ്കോയുടെ നേതൃത്വത്തിൽ കവിതാ ദിനാഘോഷം ആരംഭിക്കുന്നത്. കാവ്യശൈലികളുടെയും ഭാഷാവൈവിധ്യത്തിൻ്റേയും പരിപോഷണം, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സംസ്ക്കാരിക വിനിമയം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ലോകകവിതാ ദിനാഘോഷത്തിൻ്റെ ലക്ഷ്യം.