കുറുവങ്ങാട് മണക്കുളങ്ങരക്ഷേത്രത്തില്‍ ആനയിടഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കൊയിലാണ്ടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ ബിജെപി അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ നഗരസഭാധ്യക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭാധ്യക്ഷയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങി പോയത്.
പ്രമേയം ചര്‍ച്ച ചെയ്യാത്തത് ജനാധിപത്യവിരുദ്ധവും പരിക്കേറ്റ കുടുംബങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരന്‍, സിന്ധു സുരേഷ് എന്നിവര്‍ കുറ്റപ്പെടുത്തി.
മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞ് പരിക്ക് പറ്റിയ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ് കൗണ്‍സില്‍ യോഗത്തില്‍ അവശ്യപ്പെട്ടു. പരിക്കു പറ്റിയ ആളുകള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ചികിത്സ നടത്താന്‍ പോലും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. ഇക്കാര്യത്തില്‍ നഗരസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊത്തം 24 പേര്‍ക്കാണ് പരിക്ക് പറ്റിയത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.