ന്യൂഡൽഹി: മാനദണ്ഡങ്ങൾ മറികടന്നുള്ള ഷൈജ ആണ്ടവന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ലോക് സഭയിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എം.കെ രാഘവൻ, എൻ.ഐ.ടി പോലുള്ള രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഒരു സ്ഥാപനം രാഷ്ട്രപിതാവിന്റെ ഘാതകനെ പ്രശംസിച്ച വ്യക്തിക്ക് ഇത്തരത്തിൽ സ്ഥാനകയറ്റം നൽകുന്നതിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ചു.
ഗാന്ധി ഘാതകൻ ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹ മധ്യമങ്ങളിൽ പ്രതികരണം നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ ഡീൻ നിയമനത്തിനെതിരെ ഏപ്രിൽ അഞ്ചിന് എൻ.ഐ.ടി ക്ക് മുന്നിൽ എം.കെ രാഘവൻ എം.പിയുടെ നേതൃത്വത്തിൽ ഉപവാസം സംഘടിപ്പിക്കും.