കഴിഞ്ഞ ദിവസം താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിഗമനം.
പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബര്‍ റഹീമിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥിനികള്‍ യാദൃശ്ചികമായി മുംബൈയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ എത്തുകയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍ക്കോ മറ്റോ സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമായിട്ടില്ല. മുംബൈയില്‍ അടക്കം പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അതേസമയം കേസ് ഉടന്‍ അവസാനിപ്പിക്കില്ലെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കുമെന്നും താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.