ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ സമരക്കാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാൽ, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് ആറുവരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടരുമെന്നും ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ഓണേറിയം വര്‍ധനവ്, പെന്‍ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ തീരുമാനം ആകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും മറ്റു സമരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തേടുമെന്നും ബിന്ദു പറഞ്ഞു. സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.