പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.ജെ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ ശിവഗിരി മഠം. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിന് മുന്നിൽ അടുത്തമാസം പ്രക്ഷോഭം നടത്തുമെന്ന് ശിവഗിരി മഠം അറിയിച്ചു. ഇതിലെ പ്രധാന ആവശ്യം യേശുദാസിന്റെ ക്ഷേത്ര പ്രവേശനം ആയിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ലോക സംഗീതത്തില അപൂർവ്വ പ്രതിഭയായ 85-കാരനായ യേശുദാസിന് ഗുരുവായൂരിൽ ഇനിയും പ്രവേശനം നൽകാതിരുന്നാൽ അത് കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്ന് ശിവഗിരി ധർമസംഘം ട്രസ്റ്റ് വിലയിരുത്തി. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.