കൊച്ചി: പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ’, ‘ആഷാഢമാസം ആത്മാവിൽ മോഹം’, ‘നാടൻപാട്ടിൻറെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.
1947ൽ കുട്ടനാട്ടിലെ മങ്കൊമ്പിലാണ് ഗോപാലകൃഷ്ണൻ്റെ ജനനം. ‘വിമോചന സമരം’ എന്ന ചിത്രത്തിനായി ഗാനം എഴുതിയാണ് മലയാള ചലച്ചിത്രരംഗത്തേക്കുള്ള മങ്കൊമ്പിൻ്റെ ചുവടുവെപ്പ്. 1975ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിനായും ഗാനങ്ങൾ രചിച്ചു. ഈ ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’ എന്ന ഗാനത്തിലൂടെ മങ്കൊമ്പ് ശ്രദ്ധേയനായി.
86 ചിത്രങ്ങൾക്ക് ഗാനം എഴുതിയിട്ടുണ്ട്. പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ബാഹുബലി ഉൾപ്പെടെ നരിവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷണൻ ആണ്
ഉദയം കിഴക്കുതന്നെ, പ്രപഞ്ചവിപഞ്ചിയിലുണരും, അരികിൽ അമൃതകുംഭം, ഓരില ഈരിലക്കാടുറങ്ങി, കലിയോട് കലികൊണ്ട കടലലകൾ, കാരിരുമ്പാണി പഴുതുള്ള, ആരോടും മിണ്ടാത്ത ഭാവം, അമ്പലക്കുന്നിലെ പെണ്ണൊരുത്തി, കാർത്തിക തിരുനാൾ, ആപാദചൂഡം പനിനീര്, ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഹേമമാലിനി, ത്രയമ്പകം വില്ലൊടിഞ്ഞു, സ്വർണച്ചെമ്പകം പൂത്തിറങ്ങിയ, ചിത്രവർണ പുഷ്പജാലമൊരുക്കി, നീലമേഘക്കുട നിവർത്തി, പൗർണമി ചന്ദ്രികയിൽ, വാസനക്കുളിരുമായ്, അഷ്ടമിപ്പൂത്തിങ്കളേ, പ്രേമാനുഭൂതിയുമായെന്നിൽ തുടങ്ങിയവയാണ് മങ്കൊമ്പിൻ്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾ.