കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കാളിയാട്ട മഹോത്സവം തുടങ്ങുന്നതിന് മുമ്പ് പ്രവർത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് ദേവസ്വം അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്‍വശത്തെ റോഡും അതോടനുബന്ധിച്ചുള്ള സ്ഥലങ്ങളും പൂര്‍ണ്ണമായി കട്ടകള്‍ പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ പാതയോരത്തെ ആനക്കുളം മുതല്‍ ഗസ്റ്റ് ഹൗസ് കം ഊട്ടുപുരവരെയുള്ള വഴിയാണ് ഇന്‍ര്‍ലോക് കട്ടകള്‍ പതിപ്പിക്കുന്നത്. ഇതിന്റെ പ്രവർത്തികള്‍ അന്തിമ ഘട്ടത്തിലാണ്. നിലവിലുളള ടാര്‍ ചെയ്ത റോഡിന്റെ മൂന്നിരട്ടി വീതിയിലാണ് ഇന്‍ര്‍ലോക്ക് കട്ടകള്‍ പതിപ്പിക്കുന്നത്. 39.25 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്. ക്ഷേത്ര പരിസരം ഇന്‍ര്‍ലോക്ക് കട്ട വിരിച്ചാല്‍ ഉത്സവ നാളുകളില്‍ പൊടി ശല്യത്തിന് പരിഹാരമാകും. ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് തടയും.
ക്ഷേത്രത്തിലെ മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുളള ട്രീറ്റ്‌മെന്റ് പ്ലാന്റ്, കംഫര്‍ട്ട് സ്റ്റേഷന്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മലബാര്‍ ദേവസ്വം ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാര്‍, ദേവസ്വം മാനേജര്‍ വി.പി.ഭാസ്‌ക്കരന്‍ എന്നിവര്‍ അറിയിച്ചു.
രണ്ട് കോടിയോളം രൂപ ചെലവിലാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും പ്രത്യേകം പരിഗണിക്കുന്ന തരത്തിലാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണം. ഇതില്‍ 18 ശുചിമുറികളുണ്ടാവും. ക്ഷേത്രത്തിനകത്തും പുറത്തുമുളള മലിന ജലവും, ഊട്ടുപുരയിലെ മലിന ജലവും സംസ്‌ക്കരിക്കാനാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. വഴിപാടായി തേങ്ങ മുട്ടറുക്കല്‍ നടത്തുമ്പോള്‍ പുറത്തേക്ക് വരുന്ന തേങ്ങ വെള്ളം വലിയ തോതിലുളള മലിനീകരണ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഐആര്‍ടിസി എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവർത്തി കരാറെടുത്തത്. തേങ്ങവെള്ളം ഒഴുകി പരക്കുന്നത് വലിയ മലിനീകരണ പ്രശ്‌നമായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും പരിസര വാസികളുടെയും നിരന്തരമായ ആവശ്യമായിരുന്നു മലിനീകരണ പ്ലാന്റ് സ്ഥാപിക്കുകയെന്നത്.
ആനക്കുളം മുതല്‍ പിഷാരികാവ് ഗസ്റ്റ് ഹൗസ് വരെ വൈദ്യുതി അലങ്കാര പ്രവർത്തികളും ഇതോടൊപ്പം നടത്തുന്നുണ്ട്. 10 മീറ്റര്‍ ഇടവിട്ട് പോസ്റ്റുകള്‍ നാട്ടിയാണ് അലങ്കാര വിളക്ക് സ്ഥാപിക്കുന്നത്. ഈ വൈദ്യുതീകരണ പ്രവർത്തിക്ക് 8.52 ലക്ഷം രൂപയാണ് അനുവദിച്ചത്. ക്ഷേത്രത്തിനോടനുബന്ധിച്ചുളള കാവിന്റെ കിഴക്ക് ഭാഗത്തെ ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവിടെ ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനായി ഒരു മിനി പാര്‍ക്കും ഉണ്ടാക്കുന്നുണ്ട്. ഇതിന് ഏഴ് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കാവിന് സമീപത്തെ ആനക്കുളം നവീകരിക്കാനുളള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. ക്ഷേത്രം നാല് കെട്ടിനുളളില്‍ കാരണവര്‍ ത്തറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കാളിയാട്ടം കുറിക്കല്‍ ചടങ്ങ് കാരണവര്‍ത്തറയിലാണ് നടത്തുക. ചെട്ടിത്തറ, പള്ളിയറ എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തികളും അന്തിമ ഘട്ടത്തിലാണ്. വലിയ വിളക്ക്, കാളിയാട്ട ദിവസങ്ങളില്‍ എഴുന്നള്ളത്തിന് മുന്നില്‍ ആകര്‍ഷകമായ തലപ്പാവ് ധരിച്ച അകമ്പടി ചെട്ടിമാര്‍ ഉണ്ടാവും. കൂടുതലും തിരുപ്പൂരില്‍ നിന്നെത്തുന്ന ഈ അകമ്പടിച്ചെട്ടിമാര്‍ വിശ്രമിക്കുന്നത് ചെട്ടിത്തറയിലായിലായിരിക്കും. ഈ ചെട്ടിത്തറയാണ് നവീകരിക്കുന്നത്. ഇതിനോടനുബന്ധിച്ചുളള പള്ളിയറയുടെ പുനരുദ്ധാരണ പ്രവർത്തികളും പുരോഗമിക്കുകയാണ്.
കാളിയാട്ട മഹോത്സവം കഴിഞ്ഞാല്‍ ക്ഷേത്രം നാലമ്പലം പുതുക്കി പണിയുന്നുണ്ട്. തേക്ക് മരമാണ് ഇതിനായി ഉപയോഗിക്കുക. അഞ്ചു കോടിയോളം രൂപ ഇതിനായി ചെലവഴിക്കും. കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.