കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പണിത പള്ളിയാണ് 120 വർഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ സവിശേഷതകളാൽ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേർഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളിൽ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക്
ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂർണമായും മരത്താലാണ് നിർമിച്ചിട്ടുള്ളത്. പള്ളിയുടെ നിർമാണത്തിന് ഒരുപാടു വർഷങ്ങൾ സമയമെടുത്തെന്ന് പറയപ്പെടുന്നു എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു രേഖയും ലഭ്യമല്ല.
ആരാധനാ കർമങ്ങൾക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്നത് ഈ പള്ളിയുടെ പ്രത്യേകതയാണ്. പള്ളിയുടെ ആരംഭം മുതൽ തന്നെ ദർസ് സംവിധാനം ഇവിടെ നടന്നു വരുന്നു. പണ്ട് സൂര്യന്റെ ചലനം നോക്കി നമസ്കാരസമയം സമയം മനസ്സിലാക്കാൻ ഉപയോഗിച്ചിരുന്ന ഇസ്തിവാക്കുറ്റികളും, ആസ്ട്രിയയിൽ നിർമിച്ച പഴയ ഖജനാപ്പെട്ടിയും ഇപ്പോഴും പള്ളിയിലുണ്ട്.
പള്ളിയുടെ തൊട്ടടുത്തായി മനോഹരമായ രീതിയിൽ കെട്ടിയുണ്ടാക്കിയ പള്ളിക്കുളം ആദ്യ കാലങ്ങളിൽ അംഗശുദ്ധി വരുത്താൻ വേണ്ടി നിർമ്മിച്ചതാണ്.
മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ
(ഖാസി വലിയ ജുമാ മസ്ജിദ് നാദാപുരം )