പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുപോരുന്ന വഴികള്‍ റെയില്‍വെ അടച്ച സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിനായി റെയില്‍വെ ഡെപ്യൂട്ടി റീജിയണല്‍ മാനേജരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റില്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വഴിയടച്ച സ്ഥലങ്ങളില്‍ ജില്ല കളക്ടര്‍ അടുത്ത ദിവസം തന്നെ സന്ദര്‍ശനം നടത്തും. ജില്ല കളക്ടറുടെ സന്ദര്‍ശനത്തിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം കെ രാഘവന്‍ എംപി, ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഒ പി ഷിജിന, കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ്, റെയില്‍വെ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെ ഒമ്പത് സ്ഥലങ്ങളിലാണ് റെയില്‍വെ വഴിയടച്ചത്. റെയില്‍വെയുടെ നടപടി മൂലം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രദേശവാസികള്‍ യോഗത്തില്‍ അറിയിച്ചു. വേഗത കൂടുന്ന പ്രദേശങ്ങളില്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.