കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്‌ട്ര സംഘത്തിലെ രണ്ട് പേരെക്കൂടി കേരളാ പൊലീസ് പിടികൂടി. ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻ്റെമി, അറ്റ്ക ഹരുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പഞ്ചാബിൽ നിന്നും പിടികൂടിയത്.
നേരത്തെ കാരന്തൂരിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയ ഇബ്രാഹിം, അഭിനവ് എന്നിവരെ ചോദ്യം ചെയ്‌തപ്പോൾ മൈസൂരിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ ലഭിക്കുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൈസൂരിൽ എത്തി മയക്കുമരുന്ന് വിതരണക്കാരനായ അജ്‌മൽ എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ടാൻസാനിയ സ്വദേശികളായ ഇരുവരിലേക്കും അന്വേഷണം എത്തിയത്.
കഴിഞ്ഞ രണ്ടാഴ്‌ചയായി കുന്ദമംഗലം പൊലീസ് ഇൻസ്‌പെക്‌ടർ എസ് കിരണിൻ്റെ നേതൃത്വത്തിൽ ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് നോയിഡയിലെ വിദ്യാർഥികളായ രണ്ടുപേരിലേക്കും അന്വേഷണം നീങ്ങിയതെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ പവിത്രൻ പറഞ്ഞു.
പിടിയിലായ ഡേവിഡ് എൻ്റെമിയുടെ അക്കൗണ്ടിൽനിന്നും കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം ഒരു കോടി രൂപയോളം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ അറ്റ്ക്ക ഹരുണയുടെ അക്കൗണ്ടിൽ 30 ലക്ഷം രൂപയോളം എത്തിയിട്ടുമുണ്ട്. ഇതിനെക്കുറിച്ചുള്ള അന്വേഷണവും ഊർജിതമായി നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.