ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി പരിധി നിശ്ചയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.
ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളിൽ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6,000 വണ്ടികൾക്കും 4,000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്. സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും നിയന്ത്രണം ബാധകമാവില്ല. കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.