മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്‌ദി ആഘോഷം കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനവും, വി.എം സുധീരൻ അധ്യക്ഷതയും, രമേശ് ചെന്നിത്തല വിഷയാവതരണവും നിർവ്വഹിച്ചു. ജി.സുധാകരൻ, സി.ദിവാകരൻ,പ്രൊഫ.ജീ ബാലചന്ദ്രൻ പാലോട് രവി തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും വാക്കുകൾ കൊണ്ടും സമ്പന്നമായിരുന്നു ചടങ്ങ്.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികമാറ്റത്തിന് ഉത്തേജനം പകര്‍ന്ന ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരിലേക്ക് ഇറങ്ങി ചെന്നവരാണ് ഇരുവരും. മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍.ആരോടും കലഹിക്കാതെയും മനുഷ്യനെ പ്രയാസങ്ങളില്‍നിന്നു കരയറ്റിയും ഇരുവരും സമൂഹത്തില്‍ വിപ്ലവം തീര്‍ത്തു. ഗുരുവുമായും അയങ്കാളിയുമായുള്ള കൂടിക്കാഴ്ച വലിയ മാറ്റങ്ങൾ തന്നിലുണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുതയും പ്രതിപക്ഷ നേതാവ് പങ്കുവച്ചു.
ഗാന്ധിജി മദ്യവര്‍ജനത്തെ മഹാപ്രസ്ഥാനമാക്കുകയും അതു കോണ്‍ഗ്രസിന്റെ കര്‍മപരിപാടിയിക്കി മാറ്റുകയും ചെയ്‌തെന്ന് വിഎം സുധീരന്‍ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഗുരുദേവനും ഗാന്ധിജിയും എതിർത്തിരുന്ന മദ്യം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇപ്പോള്‍ പ്രധാന അജണ്ടയായി മാറി. ഗുരുവും ഗാന്ധിയും തമ്മിലൂള്ള കൂടിക്കാഴ്ചക്കിടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കേരളീയ സമൂഹത്തിന് ശക്തി പകര്‍ന്ന ചരിത്രസംഭവമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവും ഗാന്ധിജിയും അഹിംസയുടെ ഉപാസകരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വര്‍ധിക്കുന്നുവെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍ ചൂണ്ടികാണിച്ചു. സനാതന മൂല്യങ്ങളില്‍ ഗാന്ധിജി വിശ്വസിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിന് സനാതന ധര്‍മ്മവുമായി ഒരു ബന്ധവുമില്ല. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടിയാണ് ഗുരുവും ഗാന്ധിജിയും പ്രവര്‍ത്തിച്ചതെന്നും ജി സുധാകരൻ വ്യക്തമാക്കി.
ഗാന്ധിയെക്കാള്‍ വലിയയാള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന രാഷ്ട്രീയം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും അത് അപകടകരമായ രാഷ്ട്രീയമാണെന്നും മുന്‍ മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. ബ്രുവറിയെക്കുറിച്ചാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ക്യൂവില്‍ നില്ക്കുന്ന അവസാനത്തെ ആളിനും മദ്യം നല്കണമെന്നാണ് പുതിയ നിര്‍ദേശം. ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടുവരണമെന്നും സി.ദിവാകരന്‍ പറഞ്ഞു.
അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് മറുപടിയായി അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണമെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ശ്രീനാരായണ ഗുരു ഉത്തരം നല്കിയത്. ഇത്തരത്തിൽ ജാതി, മതപരിവർത്തനം, അഹിംസ, മാനവികത, ഹൈന്ദവ സംസ്കാരം തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ലോകത്തിന് തന്നെ വിജ്ഞാനപ്രദമായ രീതിയിലാണ് ഗാന്ധിജിയും ഗുരുവും തമ്മിലുള്ള സംഭാഷണം പുരോഗമിച്ചത്. ഗാന്ധിജിയെയും ശ്രീനാരായണ ഗുരുവിനെയും നിരന്തരമായി ചർച്ച ചെയ്യുകയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് അനിവാര്യമാണ്.