മഹാത്മാഗാന്ധിയും ശ്രീ നാരായണ ഗുരുവും ശിവഗിരിയിൽ വെച്ച് കാണുകയും ഹൃദയ സംവാദം നടത്തുകയും ചെയ്ത ചരിത്ര സംഭവത്തിന് ഇന്ന് നൂറു വയസ്സ്. ഇന്ത്യയെ കണ്ടെത്തിയ മഹാത്മാവ് അഞ്ചു തവണ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹത്തെ തുടർന്നുള്ള യാത്രയോടനുബന്ധിച്ചാണ് ശിവഗിരിയിൽ എത്തുന്നതും ഗുരുവിനെ കാണുന്നതും. ഉച്ചനീചത്വങ്ങളും ജാതി ചിന്തയും മുടിയഴിച്ച് ആടിയ കേരളത്തെ നോക്കി വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്ന് ഉറക്കെ പറഞ്ഞ കേരളം. വൈക്കം മഹാദേവ ക്ഷേത്രമതിലിന് പുറത്തുള്ള വഴികളിൽ പോലും പിന്നോക്ക ജാതിക്കാർക്കും കീഴാളർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലം. ശ്രീനാരായണ ഗുരുവിനെ തിരിച്ചയച്ച അതേ ക്ഷേത്രപരിസരത്ത് തന്നെ ഗാന്ധിജിയും അവഹേളിതനായി. ഇണ്ടം തുരുത്തി മനയിലെ നമ്പൂതിരിയുമായി ചർച്ച നടത്താൻ എത്തിയ ഗാന്ധിജി വൈശ്യ ജാതിയിയിൽ പെട്ടതു കൊണ്ട് മനയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.
ജാതിചിന്തയുടെ വികൃതമുഖം കണ്ട മഹാത്മാവും ഗുരുദേവനും എത്ര മാത്രം വിഹ്വലരായിട്ടുണ്ട് എന്ന് ഇന്ന് നമുക്കു സങ്കല്പിക്കാനേ കഴിയൂ. അഭിശപ്തമായ ആ കാലഘട്ടം കടന്ന് കേരളം മുന്നോട്ടു പോയപ്പോഴും ഭൂതകാല ചിന്തകൾ നമ്മെ മഥിച്ചു കൊണ്ടേയിരിക്കും. ശ്രീനാരായണ ഗുരുദേവൻ ഉച്ചനീചത്വങ്ങൾക്കും ജാതീയമായ വേർതിരിവുകൾക്കും എതിരെ നടത്തിയ ചെറുത്തു നിൽപ്പ് ഓർത്തെടുക്കാതെ കേരളീയ നവോത്ഥാന ചരിത്രം വിലയിരുത്താൻ കഴിയില്ല. സമത്വവാദികളായ മഹാത്മാവും ഗുരുദേവനും മാനവരാശിയുടെ വിമോചനത്തിനായി ഒരായുഷ്ക്കാലം മുഴുവൻ സ്വയം സമർപ്പിച്ച വിപ്ലവകാരികളാണ്.
കൂടിക്കാഴ്ചയിൽ ഉടനീളം ഗാന്ധിജിയുടെ ഓരോരോ സംശയങ്ങൾക്കും കൃത്യതയോടെ ഗുരു മറുപടി പറയുകയായിരുന്നു. ഗുരുദേവനെ കാണാൻ കഴിഞ്ഞത് എത്രമാത്രം ഭാഗ്യമായി എന്ന് മഹാത്മാവ് സൂചിപ്പിച്ചുവെങ്കിൽ, ആ കൂടിക്കാഴ്ച അത്രയും സാർത്ഥകം ആയിരുന്നുവെന്ന് തീർത്തും പറയാം.
കേരളീയ നവോത്ഥാനം ഒരു യാഥാർത്ഥ്യമായിട്ടുണ്ടെങ്കിൽ, കേരളീയ പൊതുസമൂഹം ഏറെ കടപ്പെട്ടിട്ടുള്ളത് ശ്രീനാരായണ ഗുരുവിനോടാണ്.
ക്ഷേത്ര പ്രവേശനം, അയിത്തോച്ചാടനം, വൈക്കം സത്യഗ്രഹം , മതപരിവർത്തനം, സമത്വ ചിന്ത എല്ലാറ്റിനെക്കുറിച്ചും ഉള്ളു തുറന്ന് ശിവഗിരിയിലെ വനജാക്ഷി മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയും സംവാദവും ഒരു നൂറ്റാണ്ട് തികയുമ്പോഴും എത്രമാത്രം പ്രസക്തമാണ്. എല്ലാവരെയും ആശ്ലേഷിച്ചു കൊണ്ട് , ജാതി മതചിന്തകൾ തീർത്ത വേലിക്കെട്ടുകൾക്കപ്പുറം മുന്നോട്ടു പോകാനുള്ള വഴിയാണ് രണ്ട് യുഗപുരുഷന്മാരും നമുക്ക് കാണിച്ചു തന്നത്. അതാണ് ശരിയായ വഴി. ആ വഴിയിലൂടെ നമുക്ക് മുന്നോട്ടു പോകാം.