കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇടിമിന്നലോട് കൂടിയായിരുന്നു മഴ. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തു തുടങ്ങിയത്.അപ്രതീക്ഷിതമായ മഴയിൽ ജനങ്ങൾ കടുത്ത പ്രയാസം അനുഭവിച്ചു. ഇരുചക്രവാഹനങ്ങളിലും മറ്റും പോവുകയായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടി .
റോഡ് നിറയെ കല്ലും മണ്ണും ആയിരുന്നു. കുടിവെള്ള പദ്ധതിക്കായി പൈപ്പ് കീറിയിട്ടതിനാൽ റോഡ് നിറയെ ചളിക്കളമായി മാറി.ചെളിയും മണ്ണും കല്ലുകളും റോഡ് ആകെ പരന്നുകിടക്കുകയാണ്. ഇരുചക്രവാഹനക്കാർ പലരും തെന്നി വീണു അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ശക്തമായ കാറ്റിൽ മരക്കൊമ്പുകളും തെങ്ങിൻ മടലുകളും റോഡിലാകെ വീണു കിടക്കുകയാണ്.വൈദ്യുതി ബന്ധവും നിലച്ചു .കാപ്പാട് തുവ്വപ്പാറയിൽ തെങ്ങ് വീണു ഗതാഗതം തടസപ്പെട്ടു. ആർക്കും പരിക്കില്ല.